ബെംഗളൂരു: ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇന്നലെയുള്ള കൂടിക്കാഴ്ചയിലും വിവരം അറിയിച്ചിരുന്നില്ല. തീരുമാനമെടുത്തത് കൂടിയാലോചനയില്ലാതെയാണെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞത്. തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ല. രക്ഷാദൗത്യത്തിൽ പ്രയത്നിച്ചവരുടെ അധ്വാനത്തെ അംഗീകരിക്കുന്നതായും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റൂ. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.