ഡി.ഐ.ജി റാങ്കുള്ള പോലീസ് കമ്മീഷണര്‍ ചെന്നിട്ടും അകത്തു കയറാനാവാത്ത പട്ടാള ക്യാമ്പ്. അനുമതിയില്ലാതെ ഈച്ചപോലും കടക്കാത്ത ക്യാമ്പിലെ 100കിലോ ആനക്കൊമ്പ് കൊള്ളയില്‍ അന്വേഷണം നീളുന്നത് സൈനികര്‍ക്കു നേരെ. കരസേനാകേന്ദ്രം അരിച്ചുപെറുക്കി സൈന്യം. സൈനികര്‍ക്ക് പങ്കില്ലാതെ കൊള്ള നടക്കില്ലെന്ന് പോലീസ്. രാജ്യത്തെ ഞെട്ടിച്ച പട്ടാളക്യാമ്പിലെ ആനക്കൊമ്പ് കൊള്ളയില്‍ വാദി പ്രതിയാവുമോ ?

എന്നാല്‍ ഇവര്‍ക്ക് സുരക്ഷാ ചുമതലയില്ലെന്നും ശുചീകരണമടക്കമുള്ള ജോലികള്‍ക്കാണ് നിയോഗിക്കുന്നതെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Untitled

തിരുവനന്തപുരം: പാങ്ങോട് കരസേനാ കേന്ദ്രത്തിലെ ആനക്കൊമ്പ് കവര്‍ച്ചയില്‍ അന്വേഷണം സൈനികരിലേക്ക് തിരിച്ച് പോലീസ്.

Advertisment

സൈനിക ക്യാമ്പിനുള്ളിലെ മദ്രാസ് റജിമെന്റിന്റെ ഓഫീസേഴ്‌സ് മെസില്‍ സൂക്ഷിച്ചിരുന്ന 100കിലോയിലേറെ ഭാരമുള്ള രണ്ട് ആനക്കൊമ്പുകളാണ് അവിടെ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൊള്ളയടിച്ചത്.


രണ്ടു കോടി രൂപ വിലയുണ്ടെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്. സൈന്യം അറിയാതെ ഒരീച്ച പോലും കയറാത്ത അത്രയും സുരക്ഷയുള്ള പട്ടാള ക്യാമ്പില്‍ നടന്ന കൊള്ളയടി സൈന്യത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

കവര്‍ച്ചയുടെ വിവരമറിഞ്ഞ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ.കാര്‍ത്തിക് പട്ടാളക്യാമ്പില്‍ എത്തിയിട്ടും അകത്തു കയറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. ഡി.ഐ.ജി റാങ്കുള്ള മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കമ്മീഷണര്‍.

മോഷണം നടന്ന മെസുള്‍പ്പെട്ട മേഖലയിലേക്ക് പ്രധാന റോഡില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ദൂരമുണ്ട്. വാഹനത്തില്‍ അഞ്ചു മിനിറ്റിലേറെ സഞ്ചരിച്ചാലേ ഇവിടെ എത്താനാവൂ.


ഒന്നിലേറെപ്പേരുള്ള സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും സൈനികഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടാവാമെന്നുമാണ് പൊലീസിന്റെ നിഗമനം. റജിമെന്റിന്റെ പ്രവേശനകവാടത്തില്‍ മാത്രമാണ് സിസിടിവി ക്യാമറയുള്ളത്. പട്ടാളത്തിന്റെ സുരക്ഷാപരിശോധനയ്ക്ക് ശേഷമേ അകത്തുകയറാനാവൂ. 


പുറമെനിന്നുള്ളവര്‍ക്ക് മുന്‍കൂര്‍ അനുമതിവേണം. റോഡില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകത്താണ് ഓഫീസേഴ്‌സ് മെസ്.

പ്രധാന കവാടത്തിലൂടെയല്ലാതെ പുറത്തുകടക്കാനുമാവില്ല. ഇറങ്ങുമ്പോഴും സുരക്ഷാപരിശോധനയുണ്ട്. അതിനാല്‍ ആനക്കൊമ്പുകള്‍ എളുപ്പത്തില്‍ കടത്താനാവില്ലെന്നും സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കും മോഷണത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച രാത്രി നടത്തിയ ഡി.ജെപാര്‍ട്ടിക്കിടെയാണ് മോഷണം. കാറ്ററിംഗ്, ഡി.ജെ, ലൈറ്റിംഗ് എന്നിവയ്ക്കായി 19പേര്‍ പുറമെ നിന്നെത്തിയിരുന്നു.


സൈനിക കേന്ദ്രത്തിലെ മേധാവിയും റെജിമെന്റുകളുടെയും വിവിധ യൂണിറ്റുകളുടെയും മേധാവികളായ കമാന്‍ഡിംഗ് ഓഫീസര്‍മാരും ഉപമേധാവികളായ ഓഫീസര്‍ കമാന്‍ഡിംഗുമാരും കുടുംബാംഗങ്ങളുമടക്കം നൂറിലേറെപ്പേര്‍ അതിഥികളായി പങ്കെടുത്തിരുന്നു. 


പുറമെ 2-മദ്രാസ് റജിമെന്റിലെ മുന്നൂറോളം പേരുമുണ്ടായിരുന്നു. സിസിടിവിദൃശ്യങ്ങള്‍ പരിശോധിച്ച് തുമ്പുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഫോറന്‍സിക് വിദഗ്ദ്ധരടക്കം മെസില്‍ പരിശോധന നടത്തി. പാര്‍ട്ടിക്കെത്തിയ എല്ലാവരുടെയും വിരലടയാളം ശേഖരിച്ച് ഒത്തുനോക്കുകയാണിപ്പോള്‍. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. 


സൈനിക കേന്ദ്രത്തില്‍ രാത്രികാല സുരക്ഷയ്ക്കടക്കം അടുത്തിടെ സിവിലിയന്‍മാരെ നിയോഗിച്ചു തുടങ്ങിയിരുന്നു. നീല യൂണിഫോമാണ് ഇവര്‍ക്കുള്ളത്. തോക്കോ ആയുധങ്ങളോ നല്‍കിയിട്ടില്ല. സുരക്ഷയൊരുക്കുന്നതില്‍ സൈന്യത്തെ സംരക്ഷിക്കുകയാണ് ചുമതല. സെക്യൂരിറ്റി ചുമതലയിലാണ് ഇവരെ നിയോഗിക്കാറുള്ളത്. 


എന്നാല്‍ ഇവര്‍ക്ക് സുരക്ഷാ ചുമതലയില്ലെന്നും ശുചീകരണമടക്കമുള്ള ജോലികള്‍ക്കാണ് നിയോഗിക്കുന്നതെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഈ ജീവനക്കാരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ആനക്കൊമ്പുകള്‍ സൈനിക കേന്ദ്രത്തിന് പുറത്തേക്ക് കൊണ്ടുപോകാതെ ക്യാമ്പിനുള്ളില്‍ തന്നെ ഒളിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. മിലിട്ടറി പോലീസും മിലിട്ടറി ഇന്റലിജന്‍സും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisment