/sathyam/media/media_files/2025/09/18/cyber-fraud-2025-09-18-00-33-16.jpg)
കാസർഗോഡ്: കാസർഗോഡ് അംഗടിമോഗര്‍ സ്വദേശിയെ ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതിയെ പിടികൂടി.
കാസർഗോഡ് സൈബര്‍ പോലീസ് ആന്ധ്രയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. DHANI – TRD എന്ന വ്യാജ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചായിരുന്നു പണം തട്ടിയത്.
വാട്‌സാപ്പ് വഴി ഇരയെ ബന്ധപ്പെട്ട് അമിത ലാഭ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. 42,41000 രൂപയാണ് തട്ടിയെടുത്തത്. 04.04.2025 മുതല്‍ 21.04.2025 വരെയുള്ള ദിവസങ്ങളില്‍ പല തവണയായാണ് പണം കൈക്കലാക്കിയത്. കാസർഗോഡ് സൈബര്‍ പോലീസ് സറ്റേഷനില്‍ പരാതി ലഭിക്കുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതിയായ ആന്ധ്രപ്രദേശ് വിജയവാഡ, ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാര്‍നെ അന്വേഷിച്ച് അന്വേഷണ സംഘം ആന്ധ്രായില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തില്‍ ഇയാള്‍ ഒന്നേമുക്കാല്‍ കോടി തട്ടിയെടുത്ത മറ്റൊരു തട്ടിപ്പ് കേസില്‍ അനന്തപുര പോലീസ് പിടികൂടിയതായും,
കൂടാതെ ഇയാള്‍ ഹൈദരാബാദ് ഗാചിബോളി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലും പ്രതിയാണെന്നും ഈ കേസില്‍ തെലങ്കാന സംഘറെഡ്ഡി ജയിലില്‍ കഴിയുന്നതായി കണ്ടെത്തുകയും ചെയ്തു . നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ കാസർഗോഡ് കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.