/sathyam/media/media_files/2025/09/21/new-project-18-3-1-2025-09-21-17-42-16.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വ്യാജ ആപ്പിലൂടെയുള്ള ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ ആൾ പിടിയിൽ. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് ലക്ഷങ്ങളുടെ തട്ടിപ്പ് കേസിർ അറസ്റ്റ് ചെയ്തത്.
9.4 ലക്ഷം രൂപയാണ് ഇയാൾ കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്ന് തട്ടിയെടുത്തത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ്.
ഡൽഹി, കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. ഡൽഹി കൊട്ടക് മഹേന്ദ്ര ബാങ്ക് വഴി 340000 രൂപയും കർണാടകയിലെ കർണാടക ബാങ്ക് അക്കൗണ്ട് വഴി 6 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
അറസ്റ്റിലായ പ്രകാശ് സമാനമായ കേസിൽ നേരത്തെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശിയിൽ നിന്നും പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും സമാനമായ കേസുകളിൽ പ്രതിയാണ് പ്രകാശ് ഇരപ്പ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു