/sathyam/media/media_files/2025/10/01/kalimanarrest-2025-10-01-14-39-59.jpg)
തൃശൂര്‍: ചെടിച്ചട്ടികളുടെ ഓർഡർ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ.എൻ വിജിലൻസിന്റെ പിടിയിൽ. തൃശ്ശൂർ വിജിലൻസ് സംഘമാണ് ഇയാളെ ട്രാപ്പിൽ കുടുക്കിയത്.
വളാഞ്ചേരി നഗരസഭയുടെ കീഴിലുള്ള കൃഷിഭവനിലേക്ക് ചെടിച്ചട്ടികൾ വിതരണം ചെയ്തതിന് പണം അനുവദിക്കുന്നതിനായി കുട്ടമണി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഓരോ ചട്ടിയ്ക്കും 3 രൂപ വീതമാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ചിറ്റിശ്ശേരിയിലെ സ്വകാര്യ കളിമൺ പാത്രനിർമ്മാണ യൂണിറ്റാണ് ചെടിച്ചട്ടികൾ വിതരണം ചെയ്തത്. ആകെ 3,624 ചെടിച്ചട്ടികൾയാണ് ഇറക്കിവെച്ചത്. യൂണിറ്റിന് പണം അനുവദിക്കുന്നത് കോർപ്പറേഷൻ മുഖേനയാണ്.
ചെയർമാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും 20,000 രൂപയിൽ ധാരണയായി എന്നും പറയുന്നു. ഇതിനെ തുടർന്ന് പാത്രനിർമ്മാണ യൂണിറ്റ് ഉടമ വിജിലൻസിൽ പരാതി നൽകി.
ട്രാപ്പ് ഓപ്പറേഷൻ ഭാഗമായി ആദ്യ 10,000 രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ കൈപ്പറ്റുന്നതിനിടെയാണ് കുട്ടമണി വിജിലൻസ് സംഘത്തിന് പിടിയിലായത്.