മദ്യപാനത്തിനിടെ തര്‍ക്കം, ചുറ്റികകൊണ്ട് യുവാവിനെ നെഞ്ചില്‍ അടിച്ചു കൊലപ്പെടുത്തി; മരിച്ചത് തൃശൂര്‍ സ്വദേശി, പ്രതി അറസ്റ്റിൽ

New Update
kerala police vehicle

തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചുറ്റിക കൊണ്ട് 44 കാരനെ നെഞ്ചില്‍ അടിച്ച് കൊന്നു. മുഹമദ് റാഫിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ തൃശൂര്‍ ജില്ലക്കാരനാണ്. 

Advertisment

തേനി ജില്ലയിലെ കമ്പത്ത് സ്വകാര്യ ലോഡ്ജില്‍ ഗ്രില്‍ ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന ഉദയകുമാറിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി ഗ്രില്‍ വര്‍ക്കര്‍ ആണ്. മുമ്പ് കേരളത്തില്‍ റാഫിയോടൊപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശിയായ ശരവണന്‍ ഇപ്പോള്‍ കമ്പത്ത് സ്വന്തമായി ഗ്രില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയാണ്.

 ജോലി കൂടുതല്‍ ലഭിച്ചതിനാല്‍ ശരവണന്‍ റാഫിയെ കമ്പത്തേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ഒക്ടോബര്‍ 6-ന് കമ്പത്ത് എത്തിയ റാഫി, ചെല്ലാണ്ടി അമ്മന്‍ കോവില്‍ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ താമസിച്ച് ശരവണനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു.

ഒക്ടോബര്‍ 8-ന് രാത്രി റാഫി തന്റെ മുറിയിലേക്ക് മടങ്ങിയെത്തി. അപ്പോള്‍, അടുത്ത മുറിയില്‍ താമസിച്ചിരുന്ന കൂടലൂര്‍ എം.ജി.ആര്‍. കോളനിയിലെ ഉദയകുമാര്‍ (39) എന്നയാളുമായി ചേര്‍ന്ന് ഇരുവരും മദ്യപിച്ചു. 

മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ പ്രകോപിതനായ ഉദയകുമാര്‍, തന്റെ ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചില്‍ അടിച്ചു.

അടിയേറ്റ റാഫി ബോധരഹിതനായി കിടന്നു. ഇത് കണ്ട ലോഡ്ജ് ജീവനക്കാര്‍ ഉടന്‍ തന്നെ കമ്പം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ പാര്‍ത്ഥിബന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ റാഫി മരിച്ചതായി സ്ഥിരീകരിച്ചു. 

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കമ്പം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഉദയകുമാറിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Advertisment