/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാള്‍ അമ്മയ്‌ക്കൊപ്പം താമസം തുടങ്ങിയത്.
പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. പെണ്‍കുഞ്ഞിനാണ് ഒന്‍പതാം ക്ലാസുകാരി ജന്മം നല്‍കിയത്.
അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. രണ്ടാം ഭര്‍ത്താവും മരിച്ചതോടെ രണ്ട് വര്‍ഷമായി പ്രതിക്കൊപ്പമാണ് പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത്. ഹോം നഴ്സായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ അമ്മ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.