/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോഴിക്കോട്: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് പിടിയിലായത്.
കോഴിക്കോട് സ്വദേശിയെ വാട്‌സാപ് വഴി ബന്ധപ്പെട്ട് 76.35 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്കായി കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടിസ് പ്രകാരം മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് സംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോഴിക്കോട് സ്വദേശിയായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 20 ഇടപാടുകളിലൂടെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്യിച്ച് പണം തട്ടിയെടുത്തത്.
പ്രതി ഉള്‍പ്പെട്ട തട്ടിപ്പ് സംഘം ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപയും പൊലീസില്‍ പരാതി നല്‍കിയ വ്യക്തിയുടെ പേരിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച ശേഷം ചെക്ക് വഴി പിന്‍വലിച്ചു.
ചെന്നൈയില്‍ റജിസ്റ്റര്‍ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയിലും പ്രതി ഉള്‍പ്പെട്ടതായി സൂചനയുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us