നിലമ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പത്തു വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

New Update
kerala police vehicle1

നിലമ്പൂര്‍: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയശേഷം പത്തുവര്‍ഷം ഒളിവിലായിരുന്ന പ്രതിയെ കര്‍ണാടകയില്‍ നിന്നു പിടികൂടി നിലമ്പൂര്‍ പോലീസ്. കഴിഞ്ഞ ജനുവരിയില്‍ നിലമ്പൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ രവി ബന്‍സാലിനെയാണ് കര്‍ണാടക ദാവണ്‍ഗരെയില്‍ നിന്നു പിടികൂടിയത്. 

Advertisment

ആലപ്പുഴ നോര്‍ത്ത് കനാല്‍ വാര്‍ഡിലെ കടവിക്കല്‍ വീട്ടില്‍ വിനോദ് വി. ജോണ്‍ (36) എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. ജോലി നല്‍കാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയെങ്കിലും ഇയാള്‍ പിടിയിലായതറിഞ്ഞ് മറ്റു നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. 

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇയാളുടെ തട്ടിപ്പിനിരയായവര്‍ വിളിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. നിലവില്‍ 25 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് പരാതി.

പരാതിക്കാരുടെ മൊഴി പോലീസ് എടുത്തിട്ടുണ്ട്. ഇയാളുടെ യഥാര്‍ഥ മേല്‍വിലാസത്തില്‍ രേഖകളൊന്നും ഇല്ലെന്നും കഴിഞ്ഞ പത്തു വര്‍ഷത്തോളമായി വീട്ടുകാര്‍ക്ക് ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ് പോലീസ് പറയുന്നത്.

വിവിധ പേരുകളില്‍ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. ആളുകളെ പരിചയപ്പെട്ട് അവരുടെ പേരില്‍ സിം കാര്‍ഡെടുത്ത് ഫോണ്‍ ഉപയോഗിക്കുകയും പിന്നീട് ഇത് ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഒരു തരത്തിലും പിടിക്കപ്പെടാനുള്ള അവസരം നല്‍കാത്ത വിധം തന്ത്രപൂര്‍വമാണ് വിനോദ് വി. ജോണ്‍ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നത്.

ഇതിനു പുറമേ ഡേറ്റിംഗ് ആപ്പ്, മാട്രിമോണിയല്‍ ആപ്പ് എന്നിവ വഴി സ്ത്രീകളെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തുന്നതും ഇയാളുടെ രീതിയാണ്.

ഇയാള്‍ കര്‍ണാടകയില്‍ ഉണ്ടെന്നറിഞ്ഞ് നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ദാവണ്‍ഗരെയില്‍ നിന്ന് ഉഡുപ്പി ഭാഗത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ പി.ടി.സൈഫുള്ള, അഭിലാഷ് വിപിന്‍, മുഹമ്മദ് റാഫി, സുമിത്ര എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടുന്നത്.

Advertisment