/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറ് വയസ്സുകാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് പിടിയിലായത്.
മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ നാഫിലിനെ ആശുപത്രി പരിസരത്ത് വെച്ചാണ് കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനാറുകാരനെ ഫോൺ വിളിച്ചു വരുത്തിയ ശേഷം ഒരു സംഘം കൗമാരക്കാർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വടികൊണ്ട് കുട്ടിയുടെ തലയ്ക്കും മുഖത്തും പുറത്തും ക്രൂരമായി അടിക്കുന്നതും തടഞ്ഞുനിർത്തി കാൽ പിടിച്ച് മാപ്പ് പറയിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മർദനമേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. മുൻവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us