തൃശൂർ: വയനാട് സ്വദേശിയില്‍ നിന്ന് ആറര ലക്ഷം തട്ടിയ കേസില്‍ 21കാരൻ പിടിയിൽ. തൃശൂര്‍ സ്വദേശി എസ്. ഹരികൃഷ്ണയെയാണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും പിടികൂടിയത്.
വൈത്തിരി സ്വദേശിയില്‍ നിന്ന് നഷ്ടമായ പണം കല്‍ക്കത്തയിലുള്ള ഐസിഐസിഐ ബ്രാഞ്ചിലേക്കാണ് ക്രഡിറ്റ് ആയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഹരികൃഷ്ണയുടെ കൈവശമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന്, അക്കൗണ്ടിലുള്ള പണം ക്രിപ്റ്റോ കറന്‍സിയാക്കി ബിനാന്‍സ് ആപ്പ് വഴി വിവിധ ഐഡികളിലൂടെ കൈമാറുകയായിരുന്നു.
വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറന്‍സിയാക്കി തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹരികൃഷ്ണ. ഇതിനുള്ള കമ്മീഷനാണ് ഇയാള്‍ക്ക് ലഭിക്കുക. പ്രതിയുടെ പക്കല്‍ നിന്നും തട്ടിപ്പിനുപയോഗിച്ച ഏഴോളം എടിഎം കാര്‍ഡുകളും ഫോണും, സിമ്മും പിടിച്ചെടുത്തുണ്ട്.
ഹരികൃഷ്ണയുടെ കൈവശമുള്ള അക്കൗണ്ടിലേക്ക് ഒരു മാസത്തിനകം 50 ലക്ഷത്തോളം വന്നതായി അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.