കൊല്ലം: ചെമ്മാൻമുക്കിൽ വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. രക്ഷപ്പെടാനായി ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ വിദ്യാർത്ഥിനിക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവർ കൊല്ലം കരിക്കോട് സ്വദേശി നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്ലസ് ടു വിദ്യാർത്ഥിനികൾ ടൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇവർ നവാസിന്‍റെ ഓട്ടോറിക്ഷയിൽ കയറി. നല്ല വഴിലൂടെ പോകാതെ ഇടറോഡിലൂടെയാണ് നവാസ് ഓട്ടോറിക്ഷ ഓടിച്ചത്. ഇതോടെ വഴി മാറിയെന്നും പ്രധാന റോഡിലൂടെ പോകാനും വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് കേൾക്കാതെ നവാസ് ഓട്ടോറിക്ഷ ഓടിച്ചു.
കുട്ടികളെ ഇയാൾ അസഭ്യം പറയുകയും ചെയ്തു. ഭയന്ന വിദ്യാർത്ഥിനി ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടി. വിദ്യാർത്ഥിനിയുടെ കൈക്കും കാലിനും പരുക്കേറ്റു. ഇയാൾ ഓട്ടോറിക്ഷ നിർത്തിയതോടെ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനിയും പുറത്തേക്കിറങ്ങി.
ജനങ്ങൾ ഓടിക്കൂടിയതോടെ നവാസ് ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടു. വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ കൊല്ലം ഈസ്റ്റ് പൊലീസ് നവാസിനെ പിടികൂടി.