ആലപ്പുഴ: കാർത്തികപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നാലെ കോടാലി ഉപയോഗിച്ചു മകനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ലീല ഇടയിൽ കയറി നിന്നപ്പോഴാണ് അവർക്ക് പരിക്കേറ്റത്.
മൂർച്ച കുറഞ്ഞ കോടാലി കൊണ്ട് ആക്രമിച്ചതിനാൽ നിസാര പരിക്കേ ഏറ്റുള്ളു. അതിനിടെ നാട്ടുകാർ ഓടിക്കൂടി എത്തി വീട്ടമ്മയെ രക്ഷിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കസ്റ്റഡിയിലെടുക്കാൻ നോക്കുന്നതിനിടെ രാജൻ കൈയിലുണ്ടായിരുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് പൊലീസിനേയും ആക്രമിക്കാൻ ശ്രമിച്ചു. തൃക്കുന്നപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
രാജനെ ഒരാഴ്ച മുൻപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൃദ്രോഗിയായതിനാൽ വിട്ടയക്കുകയായിരുന്നു. ദിവസവും സ്റ്റേഷനിൽ വന്ന് ഉപ്പിടാൻ നിർദ്ദേശവുമുണ്ടായിരുന്നു.