പത്തനംതിട്ട: ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചെന്നും പോക്സോ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 22 നാണ് പനിയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയത്. അണുബാധ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നൽകിയിരുന്നു.
ഗർഭസ്ഥ ശിശുവിന്റെ സാമ്പിളുകളടക്കം ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.