/sathyam/media/media_files/2024/10/26/2bsCLoEufhPvxJLv4oTc.jpg)
തൃശൂർ: തൃശൂരിൽ രണ്ട് കോടി രൂപ വിലവരുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മണ്ണുത്തി സ്വദേശി റീഗൺ, ചേർപ്പ് സ്വദേശി നിഷാദ് എന്നിവരാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് സ്പെഷ്യൽ സ്ക്വാഡ് സി.ഐ വി.ടി. റോയിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് തൃശൂർ കണിമംഗലത്ത് കെട്ടിടത്തിന് മുകളിലുള്ള ഷീറ്റ് മേഞ്ഞ ഹാളിൽ നിന്ന് ഹാഷിഷ് ഓയിലുമായി പ്രതികളെ പിടികൂടിയത്.
മാർക്കറ്റിൽ രണ്ട് കോടി രൂപ വിലവരും. ഒഡീഷയിൽ നിന്ന് എത്തിച്ച് വിതരണക്കാർക്ക് നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ എക്സൈസിന്റെ വലയിലായത്.
പിടിയിലായ രണ്ടു പേരും ക്യാരിയർമാരാണ്. മയക്കുമരുന്ന് എത്തിക്കാനായി പണം നൽകി ഏൽപ്പിച്ചവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ തന്നെ അറസ്റ്റിലാകുമെന്നും സ്പെഷ്യൽ സ്ക്വാഡ് സി.ഐ വി.ടി. റോയ് പറഞ്ഞു.
ഒന്നാം പ്രതി റീഗൺ ഇതിന് മുമ്പും കഞ്ചാവ് ഉൾപ്പടെയുള്ളവ കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായിട്ടാണ്. പാലക്കാട് ദേശിയ പാതയിൽ കൊള്ള നടത്തിയ കേസിൽ ഇയാൾ പ്രതിയാണ്. നിഷാദ് ആദ്യമായിട്ടാണ് ലഹരി കടത്തുന്നതെന്നും എക്സൈസ് സംഘം പറഞ്ഞു.
പ്രതികൾ ട്രെയിൻ മാർഗം ഒഡീഷയിൽ എത്തിയാണ് ലഹരി ഇങ്ങോട്ട് കടത്തിയിരുന്നത്. സമീപ ജില്ലകളിൽ ഉൾപ്പടെ വിതരണം ചെയ്യാനുള്ള ഹാഷിഷ് ഓയിലാണ് പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളവരാണ് പിന്നിലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെകടർ കെ.കെ.വത്സൻ, കെ.എസ്.ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ എ.ബി.സുനിൽ കുമാർ, വി.എസ്. സുരേഷ് കുമാർ, സി.കെ.ബാബു, എസ്. അഫ്സൽ, തൌഫീഖ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us