കേരളത്തിലേക്ക് ലഹരി കടത്തുന്നതിലെ പ്രധാന കണ്ണി അറസ്റ്റിൽ. വയനാട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന താൻസാനിയൻ സ്വദേശിയെ പിടികൂടിയത് ബംഗളൂരുവിൽ നിന്നും. രണ്ട് മാസത്തിനിടെ പ്രതി നടത്തിയത് 80 ലക്ഷം രൂപയുടെ ഇടപാടുകൾ

New Update
a

ബംഗളൂരു: കേരളത്തിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാനിയും ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയുമായ താൻസാനിയ സ്വദേശി പ്രിൻസ് സാംസൺ വയനാട് പോലീസിന്റെ പിടിയിലായി. സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

Advertisment

കഴിഞ്ഞ മാസം മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് എംഡിഎംഎ യുമായി പിടിയിലായ ഷെഫീഖ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം ടാൻസാനിയൻ സ്വദേശിയിലേക്ക് എത്തിയത്. കേരളത്തിലേക്ക് ലഹരി നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി.


ഫെബ്രുവരി 24 ന് മുത്തങ്ങയിൽ മലപ്പുറം സ്വദേശി ഷഫീഖ് എന്നയാൾ 94 ഗ്രാം എംഡിഎംഎ യുമായി പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതിയെ പിടികൂടിയത്. നാല് ദിവസം മുൻപ് ബാംഗ്ലൂർ എത്തിയ വയനാട് പോലീസ് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.


താമസസ്ഥലത്തു വെച്ചാണ് പ്രിൻസ് സാംസണെ പിടികൂടിയത്. നാലു മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റ് രേഖകളും കണ്ടെത്തിയിട്ടുണ്ട്. പ്രതി എംഡിഎംഎ ഉൽപാദിപ്പിച്ചിരുന്നെന്നും പൊലീസിന് സംശയമുണ്ട്. 

അനധികൃത അക്കൗണ്ടു വഴി രണ്ടു മാസത്തിനിടെ 80 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതി കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.