കൊച്ചി: പെരുമ്പാവൂരിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. അസ്സം സ്വദേശി റൈഹാൻ ആണ് അറസ്റ്റിലായത്.
വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നതായാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്ന കേസിൽ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
മൊബൈൽ ഷോപ്പിൽ പുതിയ സിം കാർഡ് എടുക്കാൻ എത്തുന്നവരുടെ ഒറിജിനൽ ആധാർ കാർഡിലെ വിവരങ്ങൾ തിരുത്തി വ്യാജ ആധാർ കാർഡ് നിർമ്മിച്ചു നൽകുകയാണ് സംഘം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ വ്യക്തമാക്കി.
രണ്ട് ഇതര സംസ്ഥാനക്കാരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മൂന്ന് മൊബൈൽ സ്ഥാപനങ്ങളുടെ മറവിലാണ് പ്രതികൾ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത്.
നഗരത്തിലെ നിരവധി മൊബൈൽ ഷോപ്പുകളിൽ ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ പെരുമ്പാവൂർ പോലീസ് അന്വേഷണം ഊർജ്ജമാക്കും.