തിരുവനന്തപുരം: വർക്കലയിൽ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് പത്തോടെ വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാരന്റെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ അക്രമികള്‍ വലിച്ചുകീറിയെന്നാണ് വിവരം. പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളെ തടഞ്ഞുവച്ചത്. അക്രമികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.