തൃശൂര്‍: ഇന്‍ഷുറന്‍സ് ക്ലെയിം രേഖകള്‍ തയ്യാറാക്കി നല്‍കുന്നതിന് 2,000 രൂപ വക്കീല്‍ ഗുമസ്തനോട് കൈക്കൂലി ആവശ്യപ്പെട്ട പൊലീസുകാരന്‍ അറസ്റ്റില്‍. ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷ് ആണ് വിജിലന്‍സ് പിടിയിലായത്.
തമിഴ്‌നാട് സ്വദേശികളുടെ അപകടം സംബന്ധിച്ച ഇന്‍ഷുറന്‍സ് ക്ലെമിനായി രേഖകള്‍ ആവശ്യപ്പെട്ട് സീനിയര്‍ പൊലീസ് ഓഫീസര്‍ ആയ സജീഷിനെ സമീപിച്ച ഗുമസ്തന്‍ യേശുദാസിനോടാണ് തന്റെ ജോലിക്ക് പ്രതിഫലമായി 2000 രൂപ ആവശ്യപ്പെട്ടത്.
വളരെയേറെ ബുദ്ധിമുട്ടിയാണ് നിങ്ങളുടെ ഫയല്‍ തയ്യാറാക്കിയതെന്നും വേണ്ടപോലെ കാണണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് ഓഫീസില്‍ ചെന്ന് ഡിവൈഎസ്പി മുമ്പാകെ വിവരം നല്‍കി.
വിജിലന്‍സ് നല്‍കിയ 2,000 രൂപയുമായാണ് ഇന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസ് സ്റ്റേഷന്റെ പുറത്തെത്തി വിളിച്ചാല്‍ മതിയെന്ന സജീഷിന്റെ നിര്‍ദ്ദേശം അനുസരിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു.
ഫയല്‍ കൈമാറിയ സജീഷ് 2000 രൂപയും കയ്യോടെ വാങ്ങി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.