തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മദ്യലഹരിയില്‍ യുവാവ് അനുജനെ വെട്ടിക്കൊലപ്പെടുത്തി. പെരുങ്ങുഴി കുഴിയം കോളനി വയല്‍തിട്ട വീട്ടില്‍ രതീഷ് (31) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ചേട്ടന് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. സഹോദരിയുടെ വീട്ടിൽ മദ്യലഹരിയിൽ മഹേഷ് എത്തി ബഹളമുണ്ടാക്കിയത് അനുജൻ ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം.
വെട്ടുകത്തി കൊണ്ട് രതീഷിന്റെ കഴുത്തില്‍ പ്രതി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രതീഷും മഹേഷും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കുന്നത് പതിവാണെന്നാണും പോലീസ് പറയുന്നു. ചിറയിന്‍കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.