/sathyam/media/media_files/2025/08/16/2660016-prasad-2025-08-16-22-25-40.webp)
കൊല്ലം: ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ നിന്ന് പൂജയ്ക്കുള്ള ചെലവ് ആവശ്യപ്പെട്ട് ഒമ്പതര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത പ്രതിയെ പൊലീസ് പിടികൂടി.
കൊല്ലം ഇളമ്പള്ളൂർ എസ്.പി. നിവാസിൽ നിന്ന് പോരുവഴി അമ്പലത്തുംഭാഗം വള്ളിയത്ത് പുത്തൻവീട്ടിൽ താമസിക്കുന്ന പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്.
ഗൃഹനാഥന് ശത്രുദോഷമുള്ളതായും ഉടൻ പരിഹാര പൂജകൾ നടത്തിയില്ലെങ്കിൽ ദുർമരണം സംഭവിക്കുമെന്നും മറ്റ് കുടുംബാംഗങ്ങൾക്കും അപകടങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ് പ്രതി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു.
നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇയാൾ ഈ വിശ്വാസത്തെ ദുരുപയോഗം ചെയ്ത് ഓൺലൈനിലൂടെ തുക കൈപ്പറ്റുകയായിരുന്നു.
പണം ലഭിച്ചതിന് പിന്നാലെ പ്രതി ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ച് മുങ്ങി. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, ഉമേഷ്, സിപിഒമാരായ അരുൺ ബാബു, അരുൺരാജ്, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.