/sathyam/media/media_files/2025/08/29/lakshmi_menonn290825-2025-08-29-16-23-21.webp)
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ വടക്കൻ പറവൂർ സ്വദേശി മിഥുൻ ക്വട്ടേഷൻ സംഘാംഗമാണ്. കൂടാതെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിൽ നടി ലക്ഷ്മി മേനോനൊപ്പമുണ്ടായിരുന്ന യുവാക്കളിൽ ഒരാളാണ് മിഥുൻ. ഇതോടെ കേസിൽ ദുരൂഹതകൾ ശക്തമായി.
2023 നവംബറിൽ പൊലീസ് വേഷം ധരിച്ചു സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വർണം കവർന്ന സംഘത്തിൽ മിഥുനും പങ്കെടുത്തിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്.
ആലുവ സ്വദേശിയായ സ്വർണവ്യാപാരിയുടെ സുഹൃത്ത് നൽകിയ ക്വട്ടേഷനാണ് മിഥുനും സംഘവും അനുസരിച്ചത്. തൃശൂരിലെ സ്വർണാഭരണ നിർമ്മാണശാലയിൽ നിന്നു കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിറ്റഴിക്കാനായി കൊണ്ടുപോകുന്ന സ്വർണം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റെയിൽവേ സ്റ്റേഷനിൽ കാർ എത്തിച്ച് വ്യാപാരിയെ മർദിച്ച് സ്വർണം കവർന്നതായിരുന്നു സംഭവം.
മിഥുനിനെതിരെയുള്ള മറ്റു കേസുകളും പൊലീസ് പരിശോധിച്ചുവരികയാണ്.