/sathyam/media/media_files/8lk1S4z6pvkO1irQbB7d.jpg)
തിരുവനന്തപുരം: ലഹരിയുടെ മറവിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരിശോധനയുമായി പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്.
വിവിധ ജില്ലകളിലായി 2854 പേര്‍ അറസ്റ്റിലായി. 2762 കേസുകളും റജിസ്റ്റര്‍ ചെയ്തു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു കിലോ 350 ഗ്രാം എം.ഡി.എം.എയും 153 കിലോ കഞ്ചാവും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ലഹരിയേക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പറായ 9497927797 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കാമെന്നും പൊലീസ് വിശദമാക്കുന്നത്.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളിലെല്ലാം ലഹരിയുടെ സ്വാധീനമുണ്ടെന്നും പൊലീസ് പരിശോധന ശക്തമല്ലാത്തതാണ് ലഹരി വസ്തുക്കളുടെ ലഭ്യത കൂട്ടുന്നതെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേരള പൊലീസ് പരിശോധന ശക്തമാക്കിയത്.
നിലമ്പൂരില്‍ ഹെറോയിനുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു.28കാരനായ നസെദ് അലി എന്നയാളാണ് 11.8 ഗ്രാം ഹെറോയിനുമായി പിടിയിലായത്. അഥിതി തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് ചില്ലറ കച്ചവടം നടത്തിവരികയായിരുന്നു പ്രതി.
എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും നിലമ്പൂര്‍ റേഞ്ച് സംഘവും മലപ്പുറം ഇന്റലിജിന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധയിലാണ് ഇയാള്‍ പിടിയിലായത്.
ആലുവയില്‍ വില്‍പ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന 2 കിലോഗ്രാമിലധികം കഞ്ചാവുമായി തൃക്കാക്കര സ്വദേശി പ്രസന്നന്‍ എന്നയാള്‍ പിടിയിലായി. ഒഡീഷയില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.