/sathyam/media/media_files/2025/02/19/VakOrxEL48EAwUowM48G.jpeg)
തിരുവനന്തപുരം: വിവാഹവേദിയില്‍ നിന്നും ആരംഭിച്ച തര്‍ക്കത്തിന് പിന്നാലെ യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
ആഴാകുളം പെരുമരം വിപിന്‍ നിവാസില്‍ ജിതിന്‍ (24), പെരുമരം സൂര്യ നിവാസില്‍ സൂരജ് (22) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശി സഹദ് (25)നാണ് കമ്പി കൊണ്ടുള്ള അടിയില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞത്തെ ഒരു വര്‍ക്ക്‌ഷോപ്പിനു മുന്നില്‍ നില്‍ക്കവെ സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം പറയുകയും കമ്പി എടുത്ത് തലയ്ക്ക് അടിക്കുകയുമായിരുന്നെന്നുമാണ് പരാതി. കമ്പി കൊണ്ടുള്ള അടിയില്‍ തലയുടെ വലതു വശത്ത് അടിയേല്‍ക്കുകയും മുറിവുണ്ടാവുകയും ചെയ്തു.
ഒരു കല്യാണ വീട്ടില്‍ വച്ച് ഏതാനും മാസം മുന്‍പ് പ്രതികളിലൊരാളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മൂന്നാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.