കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടറെ മുഖത്തടിച്ച സംഭവം; യുവതിയും ഡോക്ടറെന്ന പേരിൽ സന്ദേശമയച്ച ആൾമാറാട്ടക്കാരനും അറസ്റ്റിൽ

New Update
1000347886

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ യുവതി മുഖത്തടിച്ച സംഭവത്തിൽ യുവതിയേയും, ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി, യുവതിയെ വാട്സാപിൽ ശല്യം ചെയ്തു വിവാഹ വാഗ്ദാനം നടത്തിയ യുവാവിനേയും മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ഡോക്ടറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മൈലംപറമ്പത്ത് മുഹമ്മദ് നൗഷാദ്(27), ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരിയേയുമാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് സർജറി ഒപിയിൽ ഡ്യൂട്ടിക്കിടെയാണ് യുവതി എത്തി രോഗികൾക്കും മറ്റു പിജി വിദ്യാർഥികൾക്കും മുന്നിൽ ഡോക്ടറുടെ മുഖത്തടിച്ചത്. 

‘ഡോക്ടർ’ നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്ന് ആരോപിച്ചാണ് ആശുപത്രിയിൽ ഓപിയിൽ എത്തി മുഖത്തടിച്ചത്. 

സംഭവത്തിൽ ഡോക്ടർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവിയും ഒപി ചീട്ട് പരിശോധിച്ചും യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെ ചോദ്യം ചെയ്തതോടെയാണ് ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി പ്രതി നൗഷാദ് യുവതിക്ക് മൊബൈൽ സന്ദേശം അയച്ച് വിവാഹ വാഗ്ദാനം നൽകി അശ്ലീല സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു.

Advertisment