ഭരണനിര്‍വഹണം മെച്ചപ്പെടുത്താന്‍ നിര്‍മ്മിതബുദ്ധി; കേരള എഐ ഇനിഷ്യേറ്റീവ് പദ്ധതി: ശില്പശാല സംഘടിപ്പിച്ച് ഐടി മിഷനും സ്റ്റാര്‍ട്ടപ്പ് മിഷനും

New Update
k ai jhi
തിരുവനന്തപുരം: ഭരണ നിര്‍വഹണവും സേവനവിതരണവും മെച്ചപ്പെടുത്തുന്നതില്‍ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന ഐടി മിഷന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐസിറ്റി അക്കാദമിയുമായി സഹകരിച്ച് ശില്പശാല സംഘടിപ്പിച്ചു.
Advertisment
 
ടെക്‌നോപാര്‍ക്കില്‍ നടന്ന ശില്പശാല ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്തു. കെഎസ്‌ഐടിഎം ഡയറക്ടര്‍ സന്ദീപ് കുമാര്‍ സ്വാഗതം ആശംസിച്ചു. ഇലക്‌ട്രോണിക്‌സ് ന്‍റ്  ഐടി സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു, കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, ഐസിറ്റി അക്കാദമി സിഇഒ മുരളീധരന്‍ മണ്ണിങ്ങല്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

ഭരണ നിര്‍വഹണം മെച്ചപ്പെടുത്തുന്നതില്‍ നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക് ശില്പശാല വേദിയായി. 'കേരള എഐ ഇനിഷ്യേറ്റീവ് -ദി ഗൈഡിംഗ് ഹാന്‍ഡ് ഓഫ് സ്മാര്‍ട്ട് ഗവേണന്‍സ്' എന്ന വിഷയത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള എഐ സൊലൂഷനുകളെ വിവിധ വകുപ്പുകള്‍ക്ക് പരിചയപ്പെടുത്താന്‍ ശില്പശാല അവസരമൊരുക്കി.

ഭരണസംവിധാനം കൂടുതല്‍ സുഗമമാക്കുന്നതിനും വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് സൊല്യൂഷന്‍ കണ്ടെത്തുന്നതിനും ശില്പശാല സഹായകമായി. ഡാറ്റ വിശകലനം, മാപ്പിംഗ് തുടങ്ങി നിരവധി എഐ അധിഷ്ഠിത പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്ന കെഎസ്‌യുഎം പിന്തുണയുള്ള 21 സ്റ്റാര്‍ട്ടപ്പുകളുടെ ആശയാവതരണങ്ങള്‍ക്കാണ് ശില്പശാല വേദിയായത്.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ആവശ്യപ്പെട്ടിരുന്ന സാംക്രമിക രോഗങ്ങളുടെ പകര്‍ച്ചാ സാധ്യത പ്രവചനം, രോഗനിര്‍ണയത്തിനുള്ള എഐ അധിഷ്ഠിത സംവിധാനം എന്നിവയ്ക്കായുള്ള പരിഹാരത്തിനൊപ്പം കൃഷി വകുപ്പിനായി കാര്‍ഷികവിളകളെ ബാധിക്കുന്ന കീടങ്ങളേയും രോഗങ്ങളേയും മുന്‍കൂട്ടി കണ്ടെത്താനുള്ള ഭാവി സാധ്യതയുള്ള പരിഹാരങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ അവതരിപ്പിച്ചു.
 
കേരള പോലീസ്, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, ദേവസ്വം ബോര്‍ഡ്, ധനകാര്യ വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ്, കൃഷി വകുപ്പ്, പൊതുവിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ശില്പശാലയുടെ ഭാഗമായി.  

എഐ അധിഷ്ഠിത നിയമ സഹായം, നിയമ നിര്‍വഹണത്തില്‍ എഐ, എംഎല്‍ (മെഷീന്‍ ലേണിംഗ്) എന്നിവയുടെ ഉപയോഗം, തീര്‍ത്ഥാടക കേന്ദ്രങ്ങളിലെ ജനക്കൂട്ടത്തെ നിയന്ത്രണം, ബജറ്റ് തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളിലെ ഡാറ്റ വിശകലനം, എഐ ഉപയോഗിച്ചുള്ള മള്‍ട്ടി-ഹസാര്‍ഡ് സസ്പെന്‍റ്റിബിലിറ്റി മാപ്പിംഗ്, എഐ പവേര്‍ഡ് ഇന്‍ഡസ്ട്രിയല്‍ സുരക്ഷ, സര്‍ക്കാര്‍ സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിലയിരുത്തല്‍, വിവിധ കൃഷിരീതികളുടെ അനുയോജ്യത തുടങ്ങിയവയില്‍ എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.
 
സര്‍ക്കാര്‍ വകുപ്പുകളിലുടനീളം എഐ സൊല്യൂഷന്‍സ് സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണ് കേരള എഐ ഇനിഷ്യേറ്റീവ്. വിവിധ വകുപ്പുകളിലെ ആവശ്യങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുകയും സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത നൂതന എഐ പരിഹാരങ്ങള്‍ അവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിലൂടെ പൊതുമേഖലയില്‍ സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടലുകള്‍ക്ക് സഹായകമാകുന്ന ഒരു ചലനാത്മക പ്ലാറ്റ് ഫോം കേരള എഐ ഇനിഷ്യേറ്റീവിലൂടെ സാധ്യമാകുന്നു.

സര്‍ക്കാര്‍ പ്രതിനിധികളും സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള ആശയവിനിമയത്തിനും ഇതിലൂടെ വഴിയൊരുങ്ങുന്നു. പൊതുഭരണത്തില്‍ നവീകരണം,വിശ്വാസ്യത, സുതാര്യത, കാര്യക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭത്തിലൂടെ സാധിക്കും. ഈ സംരംഭത്തിന്‍റെ  ആദ്യപടിയെന്ന നിലയിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.

കേരള ഐടി മിഷനും സ്റ്റാര്‍ട്ടപ്പ് മിഷനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഭാവിയില്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകളുടെ സൊല്യൂഷനുകള്‍ ബിസിനസ് അവസരങ്ങളാക്കി മാറ്റാനും ശില്പശാലയിലൂടെ വഴി തുറന്നു.
Advertisment