കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ 20 രാജ്യങ്ങളില്‍ നിന്നായി കലാകാരന്മാരും കൂട്ടായ്മകളും

New Update
kochi binnale
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. 20 രാജ്യങ്ങളില്‍ നിന്നായി കലാകാരന്മാരും കൂട്ടായ്മകളും അടങ്ങുന്ന സംഘമാണ് ഡിസംബര്‍ 12 ന് ആരംഭിച്ച് മാര്‍ച്ച് 31 ന് അവസാനിക്കുന്ന 110 ദിവസം നീണ്ടു നില്‍ക്കുന്ന കലാവിരുന്നിന്റെ ഭാഗമാകുന്നത്.

പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്രയും അദ്ദേഹം ഉള്‍പ്പെടുന്ന എച് എച് ആര്‍ട്ട് സ്പേസസ്‌ ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയാണ് കൊച്ചി-മുസിരിസ് ബിനാലെ. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ തലക്കെട്ട്.

കൊച്ചിയെന്ന നഗരത്തിന്റെ വൈവിദ്ധ്യം നിറഞ്ഞ പൈതൃകത്തിന്റെ പശ്ചാത്തലത്തില്‍ കലാസൃഷ്ടി നടത്തുന്നതിനാണ് ലോകമെമ്പാടും നിന്നുള്ള  കലാകാരന്മാരും കൂട്ടായ്മകളും അടങ്ങുന്ന 66 അംഗസംഘത്തെ ഇവിടേക്ക് ക്ഷണിച്ചതെന്ന് ക്യൂററ്റോറിയല്‍ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആറാം ലക്കത്തിലെ പല വേദികളും ആദ്യമായാണ് ബിനാലെയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ആശയങ്ങള്‍, വികാരങ്ങള്‍, പ്രവൃത്തികള്‍ എന്നിവ സ്വാധീനം ചെലുത്തുന്ന കലാസൃഷ്ടികള്‍ തന്നെയാകും ഇവിടെയുണ്ടാകുന്നത്.

കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍- അബുൽ ഹിഷാം, ആദിത്യ പുത്തൂർ, അഡ്രിയാൻ വില്ലാർ റോജാസ്, അലി അക്ബർ പി.എൻ, ആന്യ  ഇബ്ഷ്- ഗ്രുന്റാലെർ9, ആരതി കദം, അഥിന കൂമ്പറൂളി, ബാനി അബിദി-അനുപമ കുണ്ഡൂ, ഭാഷ ചക്രബർത്തി, ബിരാജ് ദോഡിയ, ബിരേന്ദർ യാദവ്, സിന്ധ്യ മാർസെല്‍, ധീരജ് റാഭ, ദിമ സ്രൂജി-പിയേറോ തോമസോണി, ദിനിയോ സെഷി ബോപാപെ, ഫൈസ ഹസൻ, ഗീവ് പട്ടേൽ, ഗുലാംമുഹമ്മദ് ഷെയ്ഖ്, ഹിച്ചാം ബറാദ, ഹിമാൻഷു ജമോര്‍, ഹിവ കെ, ഹുമ മുൽജി, ഇബ്രാഹിം മഹാമ, ജയശ്രീ ചക്രവർത്തി, ജോംപെറ്റ് കുസ്‌വി ദനാന്റോ, ജ്യോതി ഭട്ട്, ഖഗേശ്വർ റാവുത്ത്, കിർത്തിക കയിൻ, കുൽപ്രീത് സിംഗ്, ലക്ഷ്മി നിവാസ് കളക്റ്റീവ്, ലാറ്റോയ റൂബി ഫ്രേസിയർ, ലയണൽ വെൻഡ്റ്റ്, മാളു ജോയ് (സിസ്റ്റർ റോസ്‌വിൻ സി.എം.സി), മൻദീപ് റായ്ഖി, മരിയ ഹസ്സാബി, മറീന അബ്രമോവിച്ച്, മാർക്ക് പ്രൈം, മാത്യു കൃഷാണു, മീനു ജെയിംസ്, മീനം അപാംഗ്, മോണിക്ക  ദെ മിറാൻഡ, മോണിക്ക കൊറിയ, മൂനിസ് അഹമ്മദ് ഷാ, നയീം മൊഹൈമെൻ, നരി വാർഡ്, നിരോജ് സത്പതി, നിത്യൻ ഉണ്ണികൃഷ്ണൻ, ഒടോബോംഗ് എൻകാങ്ക, പല്ലവി പോൾ, പഞ്ചേരി ആർട്ടിസ്റ്റ്സ് യൂണിയൻ, പ്രഭാകർ കാംബ്ലെ, രാജ ബോറോ, രത്ന ഗുപ്ത, സബിത കടന്നപ്പള്ളി, സാന്ദ്ര മുജിംഗ, സായൻ ചന്ദ, ആർ.ബി. ഷാജിത്ത്, ഷീബ ഛാച്ചി, ജാനറ്റ് പ്രൈസ്, ഷിറാസ് ബൈജൂ, സ്മിത ബാബു, സുജിത് എസ്.എൻ, ടിനോ സെഹ്ഗാൽ, ഉത്സ ഹസാരിക, വിനോജ ധർമ്മലിംഗം, യാസ്മിൻ ജഹാൻ നൂപുർ, സറീന മുഹമ്മദ്.

ലോകമെമ്പാടുമുള്ള വ്യത്യസ്ത ശബ്ദങ്ങളുടെയും ആശയങ്ങളുടെയും പ്രതിനിധാനമാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടികയെന്ന് കെബിഎഫ് ചെയർപേഴ്‌സൺ ഡോ. വേണു വി പറഞ്ഞു. കൊച്ചിയുടെ കലാപരമായ പ്രാധാന്യത്തെ ആഘോഷിക്കുക മാത്രമല്ല മറിച്ച് വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്ക്കാരികമായ കൊടുക്കല്‍ വാങ്ങലുകളെ നിലനിറുത്താനുള്ള ദീര്‍ഘകാല കാഴ്ചപാടാണ് ബിനാലെ. പ്രാദേശിക സമൂഹവുമായി ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതുവഴി സമകാലീന കലയിലൂടെ ജനങ്ങളില്‍ സ്ഥിരമായ സ്വാധീനം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലീന കലാലോകത്തെ വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങളുടെ ചടുലമായ കൂട്ടായ്മയാണ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടികയെന്ന് കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി.വൈവിദ്ധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെയും പുതിയ കാഴ്ചപ്പാടുകളെ സമന്വയിപ്പിക്കുന്ന സൃഷ്ടികളിലൂടെയും നിഖിലും എച്ച്എച്ച് ആർട്ട് സ്‌പേസസും ഇത് ശ്രദ്ധാപൂര്‍വം ആശയവൽക്കരിച്ചിരിക്കുന്നു. ഒരു കലാകൂട്ടായ്മയെ ബിനാലെ പോലുള്ള ക്രിയാത്മക ഇടം നിർമ്മിക്കാൻ ക്ഷണിക്കുന്നത് ഇത് ആദ്യമായാണ്. ഫോര്‍ ദി ടൈം ബീയിംഗ് എന്ന തലക്കെട്ട് പ്രാദേശികവും ആഗോളവുമായ സഹകരണങ്ങളെ കൃത്യമായ ചേരുവയില്‍ ഉള്‍പ്പെടുത്തി ബിനാലെയെ രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറെ സന്തോഷത്തോടെയാണ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടിക പുറത്തുവിടുന്നതെന്ന് കെബിഎഫ് സിഇഒ തോമസ് വര്‍ഗീസ് പറഞ്ഞു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ ആശയങ്ങള്‍ ആഴത്തിലുള്ള ചിന്തകളുടെ പ്രതിഫലനങ്ങളായി ഉരുത്തിരിഞ്ഞു വരുന്നത് കാണാനായി എന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിലെ വൈവിധ്യം കൊണ്ടും പ്രമേയത്തിലെ കലാ-സാമൂഹിക പ്രതിബദ്ധ കൊണ്ടും 2012 ല്‍ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ ആഗോള സമകാലീന കലാമേഖലയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രദര്‍ശനമാണ്.
Advertisment
Advertisment