തലസ്ഥാനത്ത് നിന്നും രാഷ്ട്രീയ തട്ടകം കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങി മേയർ ആര്യാ രാജേന്ദ്രൻ. എം.വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും ആര്യക്ക് കട്ട സപ്പോർട്ട്. ആര്യയുടെ ഭരണം ഇങ്ങനെ തുടർന്നാൽ നഗരസഭാ ഭരണം ബിജെപി പിടിക്കുമെന്ന് സിപിഎമ്മിന് ആശങ്ക. വിവാദങ്ങൾ ഏറെയുണ്ടെങ്കിലും ലഭിച്ച ദേശിയ-അന്തർദേശിയ പുരസ്കാരങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധം തീർത്ത് സിപിഎമ്മും

New Update
arya rajendran complaint.jpg

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് രാഷ്ട്രീയ തട്ടകം മാറ്റാൻ ഒരുങ്ങി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ നിൽക്കാതെ കർമ്മ രംഗം കോഴിക്കോട്ടേക്ക് മാറ്റാനാണ് ആര്യാ രാജേന്ദ്രൻെറ നീക്കം.

Advertisment

ഭർത്താവും ബാലുശേരി എം.എൽ.എയുമായ സച്ചിൻ ദേവിൻെറ നാട്ടിലേക്ക് മാറാനുളള താൽപര്യത്തിലാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ തിരുവനന്തപുരം വിടുന്നത്. രാഷ്ട്രീയ തട്ടകം കോഴിക്കോട്ടേക്ക് മാറ്റുമ്പോൾ പാർട്ടി അംഗത്വം അടക്കം എല്ലാം അവിടേക്ക് മാറ്റാൻ തടസമില്ല.


സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ ആര്യാ രാജേന്ദ്രന് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ തന്നെ അംഗത്വം ലഭിക്കും. 


അടുത്തിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആര്യക്ക്, സംഘടനയുടെ അടുത്ത സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹിത്വം ലഭിക്കുമെന്നും ഉറപ്പായിട്ടുണ്ട്.

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസുമായും പുലർത്തുന്ന നല്ല ബന്ധമാണ് ആര്യാ രാജേന്ദ്രൻെറ പിൻബലം. 

മുടവൻ മുകൾ വാർഡിൽ നിന്നാണ് ബിരുദ വിദ്യാർത്ഥിനി ആയിരിക്കെ ആര്യാ രാജേന്ദ്രൻ നഗരസഭാ കൗൺസിലറായും പിന്നീട് മേയറായും തിരഞ്ഞെടുക്കപ്പെടുന്നത്. വർഷങ്ങളായി സി.പി.എമ്മിൻെറ കോട്ടയാണെങ്കിലും ആര്യാ രാജേന്ദ്രൻ മേയറായി വന്നതോടെ പാർട്ടിയിൽ തന്നെ കടുത്ത അതൃപ്തിയാണ്.


വികസന പ്രവർത്തനങ്ങളില്ലാത്തതും തദ്ദേശിയരായ പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം ഇല്ലാത്തതുമാണ് പാർട്ടിയിലും സമൂഹത്തിലും അതൃപ്തി പടരാൻ കാരണം.


എല്ലാ ഏരിയാ സമ്മേളനങ്ങളിലും മേയറുടെയും നഗരസഭയുടെയും പ്രവർത്തനത്തിന് എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. 

ആര്യയുടെ ഭരണം ഈ നിലക്ക് തുടർന്നാൽ നഗരസഭാ ഭരണം ബി.ജെ.പി പിടിക്കുമെന്ന ആശങ്കയും തലസ്ഥാന നഗരത്തിലെ ഏരിയാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനം.

എന്നാൽ ഇതൊന്നും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആര്യാ രാജേന്ദ്രൻെറ നഗരസഭാ ഭരണത്തോടുളള എതിർപ്പിനേക്കാൾ ആര്യയുടെ സ്വാധീനമാണ് ജില്ലാ സമ്മേളനത്തിൽ കണ്ടത്.

ആര്യക്ക് എതിരായ വിമർശനത്തെ പ്രതിരോധിക്കാൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഒരുമിച്ച് മുന്നിട്ടിറങ്ങിയതോടെ വിമർശകർ പത്തി താഴ്ത്തി പിൻവാങ്ങി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയുമായി നഗരസഭയുടെ ഭരണ സാരഥ്യം ഏറ്റെടുത്ത ആര്യാ രാജേന്ദ്രൻെറ ഭരണകാലം വിവാദങ്ങളുടേത് കൂടിയായിരുന്നു.

നഗരസഭക്ക് കീഴിലുളള  നിയമനങ്ങൾക്ക് സി.പി.എം ജില്ലാ സെക്രട്ടറിയോട്  പട്ടിക ആവശ്യപ്പെട്ട് കൊണ്ട് എഴുതിയ കത്ത് പുറത്തായതായിരുന്നു പ്രധാന വിവാദം. 290ൽപരം തസ്തികകളിലേക്ക് പിൻവാതിൽ നിയമനത്തിന് നീക്കം നടത്തുന്നുവെന്ന ആരോപണമാണ് മേയർ‍ക്കെതിരെ ഉയർ‍ന്നത്.


പ്രതിപക്ഷ സമരം നഗരസഭയെ സ്തംഭിപ്പിച്ചതോടെ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിനെ ബലികൊടുത്താണ് വിഷയം തണുപ്പിച്ചത്. പട്ടികജാതി വിഭാഗത്തിനുളള ഫണ്ട് ഡി.വൈ.എഫ്.ഐ നേതാവും കൂട്ടരും വെട്ടിച്ചുവെന്ന ആരോപണവും നഗരസഭയെ പിടിച്ചുലച്ചു.


കോവിഡ് കാലത്ത് ആറ്റുകാൽ പൊങ്കാലക്ക് ശേഷമുളള ശുചീകരണത്തിൽ പങ്കെടുത്തവർക്ക് ബിരിയാണി വാങ്ങികൊടുത്തതിന് ചെലവ് കാണിച്ചതും നഗരസഭയെ വിവാദത്തിലാക്കി. ഇങ്ങനെ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കുളള യാത്രയായിരുന്നു ആര്യയുടെ 5 വർഷക്കാലത്തെ നഗരസഭാ ഭരണം.

ആര്യാ രാജേന്ദ്രൻ നേതൃത്വത്തിലുളള ഭരണം വിവാദത്തിൽ കലാശിച്ചെങ്കിലും ചില ഏജൻസികളിൽ നിന്ന് ലഭിച്ച ദേശിയ അന്തർദേശിയ പുരസ്കാരങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിൻെറ പ്രതിരോധം.

ബി.ജെ.പിയുടെ കുതിപ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് നല്ല ആശങ്കയുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിലും ഒരുകൈ നോക്കാൻ തന്നെയാണ് സി.പി.എമ്മിൻെറ നീക്കം.


വാർഡ് പുനർനിർണയത്തിലും വോട്ടർ പട്ടികയിലും ലഭിച്ച മുൻതൂക്കവും പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ മേയർ പദവി വനിതാ സംവരണം ആയതിനാൽ ഇത്തവണ പുരുഷന്മാർക്ക് ലഭിക്കുമെന്നാണ് സി.പി.എം പ്രതീക്ഷ.


ഇത് മനസിലാക്കി പ്രമുഖരെ തന്നെ കളത്തിലിറക്കാനാണ് സി.പി.എം ആലോചിക്കുന്നത്.മുൻ മേയർ കെ.ശ്രീകുമാർ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക്, കരമന ഹരി തുടങ്ങിയ പ്രമുഖരാണ് മേയറാകാൻ കുപ്പായം തുന്നി കാത്തിരിക്കുന്നത്.

ഭരണം കിട്ടിയാൽ ഇവരിൽ ആർക്ക് നറുക്കുവീഴുമെന്ന് കണ്ടുതന്നെ അറിയണം.നഗരസഭാ ഭരണം ബി.ജെ.പി പിടിച്ചാൽ പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും നഗരമണ്ഡലങ്ങളിൽ സി.പി.എമ്മിന് വൻ തിരിച്ചടിയായിരിക്കും നേരിടുക.

ഇത് മനസിലാക്കി പാർട്ടി ജില്ലാസെക്രട്ടറി വി.ജോയിയുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സംസ്ഥാനനേതൃത്വത്തെയും മുഖ്യമന്ത്രിയേയും കൂടി പങ്കെടുപ്പിച്ചുകൊണ്ടുളള തന്ത്രമാണ് സി.പി.എമ്മിൻെറ അണിയറയിൽ ഒരുങ്ങുന്നത്.

Advertisment