/sathyam/media/media_files/2025/04/12/EcR7vhsknTit8hay8JZW.jpg)
നിലമ്പൂർ : ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകിയതിന് പിന്നിൽ മക്കൾ ഭയം കൂടി ഉണ്ടെന്ന് സൂചന.
കഴിഞ്ഞ കാലങ്ങളിലെ അനുഭവം മുൻ നിർത്തി പാർട്ടിക്ക് പോറലേൽക്കാതിരിക്കാൻ കൂടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും കരുതുന്നു.
പല ഘട്ടങ്ങളിലായി മുതിർന്ന നേതാക്കളുടെ മക്കൾ പല കാരണങ്ങൾ കൊണ്ട് പാർട്ടി വിട്ട് പോയിരുന്നു. ഇവർക്ക് പുറമേ പലരും പാർട്ടി വിടാൻ കാരണമായി.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കാലയളവിൽ അങ്ങനെ ഒരു സംഭവം ഒഴിവാക്കാൻ കൂടിയുള്ള ജാഗ്രതയാണ് കോൺഗ്രസ് സ്വീകരിച്ചത്.
മുമ്പ് മുതിർന്ന നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന കെ.കരുണാകരൻ, എ.കെ ആന്റണി എന്നിവരുടെ മക്കൾ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നു.
മുതിർന്ന നേതാവായ ആര്യാടൻ മുഹമ്മദ്ദിന്റെ മകൻ ഷൗക്കത്തിന് സീറ്റ് നൽകിയില്ലെങ്കിൽ സി.പി.എം അദ്ദേഹത്തെ സഹകരിപ്പിക്കാൻ തയ്യാറുമായിരുന്നു.
അത്തരം സാഹചര്യം കൂടി ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് കോൺഗ്രസ് പുറത്തെടുത്തത്. അതിനൊപ്പം നേതാക്കളും നിലയുറപ്പിച്ചു.
യു.ഡി.എഫ് നേതൃത്വം സ്ഥാനാർത്ഥിയെ തീരുമാനിച്ച ശേഷം മാത്രമാവും സി.പി.എം സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കുകയെന്നും അവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാലക്കാട് ഡോ.പി സരിനെ കിട്ടിയത് പോലെ മറ്റൊരു നേതാവിനെ എൽ.ഡി.എഫിന് ലഭിക്കുമെന്നായിരുന്നു സി.പി.എമ്മിന്റെ വിശ്വാസം. അത് പൊളിച്ചടുക്കാനുള്ള യു.ഡി.എഫ് നീക്കവും ഫലം കണ്ടതോടെ ആര്യാടൻ സ്ഥാനാർത്ഥിയാവുകയായിരുന്നു.
ഇതിന് പുറമേ പി.വി അൻവറിന്റെ ഭീഷണി മുഖവിലയ്‌ക്കെടുക്കേണ്ട എന്നതും ആര്യാടന് ഗുണകരമായി. ഇടതുബന്ധം ഉപേക്ഷിച്ച് രാജിവെച്ച അൻവർ ആദ്യം മുതൽ മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുയർത്തിയിരുന്നു.
ഇത് യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ അൻവറിന്റെ ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങേണ്ടെന്ന് കൂടി തീരുമാനമെടുത്തിരുന്നു.