/sathyam/media/media_files/2025/03/08/aC9pGk35xLk6lUTSyUE5.jpeg)
തിരുവനന്തപുരം: ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തില്‍ ഉത്സവപ്പറമ്പിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഉത്സവപ്പറമ്പില്‍ താല്കാലിക ഫാന്‍സി സ്റ്റാള്‍ നടത്തി വന്നിരുന്ന ഉടമ മലയിന്‍കീഴ് മൂങ്ങോട്, കൂത്താകോട് മിനി ഭവനില്‍ ഹരികുമാറിനാണ്(51) വയറില്‍ മാരകമായി കുത്തേറ്റത്.
ഉത്സവവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി നടത്തി വന്നിരുന്ന ഹരികുമാറിന്റെ സ്റ്റാളില്‍ സഹായിയായി നിന്നിരുന്ന പൂജപ്പുര മുടവന്‍മുകള്‍ സരിത ഭവനില്‍ ബൈജുവിനെയാണ് (48) പൊലീസ് അറസ്റ്റ് ചെയ്തത്.
ബൈജു കുഴപ്പക്കാരന്‍ ആണെന്ന് ബൈജുവിന്റെ കാമുകിയോട് ഹരികുമാര്‍ പറഞ്ഞെന്ന ആരോപണത്തെ തുടര്‍ന്നാണ് വാക്ക് തര്‍ക്കം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ സ്റ്റാളിനുള്ളിലേക്ക് കയറി വില്‍പ്പനക്കായി വച്ചിരുന്നു മൂര്‍ച്ചയേറിയ കത്തി കൊണ്ട് ഹരികുമാറിന്റെ വയറില്‍ മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ ഹരികുമാറിനെ ആര്യനാട് ഹോസ്പിറ്റലിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഹരികുമാര്‍ നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആണ്.
കുത്തിയശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ ആര്യനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.