മോഡിയുടെ പുതിയ തൊഴിൽ നിയമം കേരളത്തിൽ അതേപടി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി. ട്രേഡ് യൂണിയൻ അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു നിയമവും നടപ്പാക്കില്ല. കേരളം പ്രാധാന്യം നൽകുന്നത് തൊഴിലാളി ക്ഷേമത്തിന്. മാന്യമായ തൊഴിലും മെച്ചപ്പെട്ട വേതനവും ലക്ഷ്യം. ഓരോ തൊഴിലാളിക്കും സംരക്ഷണം ഉറപ്പാക്കുമെന്നും സർക്കാർ. പുതിയ തൊഴിൽ കോഡുകളെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുമ്പോൾ

തൊഴിൽ നിയമത്തിലെ പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണ്

New Update
modi and sivan kutty

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ നിയമങ്ങൾ അതേപടി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി. തൊഴിൽ നിയമത്തിലെ പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണ്.  കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ല. സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ല.

Advertisment

തൊഴിൽ നിയമങ്ങളുടെ ലളിതവൽക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. എന്നാൽ, ഇതിന്റെ ഫലം തൊഴിലാളികളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലായിരിക്കണം.  മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നൽകുകയെന്നും സർക്കാർ പ്രഖ്യാപിച്ചതോടെ തൊഴിൽ നിയമങ്ങളെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്.
 
കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യുമെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം.

sivan kutty

നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിൽപരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തും. കേരളത്തിലെ ഓരോ തൊഴിലാളിക്കും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

 ബിഎംഎസിന്റേത് ഉൾപ്പെടെയുള്ള എതിർപ്പ് അവഗണിച്ചാണ് കേന്ദ്രം ലേബർ കോഡുകൾ പാസാക്കിയത്. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഉറപ്പാക്കാൻ അങ്ങനെ വേണമെന്നാണ് സർക്കാർ നിലപാട്. പണിമുടക്കാനുള്ള അവകാശം, തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനത്തിനുള്ള നിയന്ത്രണം തുടങ്ങി വ്യവസായ ബന്ധ കോഡിലെ 12 വ്യവസ്ഥകളെ ബിഎംഎസ് അനുകൂലിച്ചിട്ടില്ല.

hydr

തൊഴിലിട സുരക്ഷാ കോഡിലെ കരാർ നിയമന സംബന്ധിച്ചതുൾപ്പെടെ 12 വ്യവസ്ഥകളിലും അവർ മാറ്റം ആവശ്യപ്പെട്ടിരുന്നു. ലേബർ കോഡുകളിലെ പല വ്യവസ്ഥകളും ഐഎൽഒ അംഗീകരിച്ച ധാരണകളുമായി ഒത്തുപോകുന്നതല്ലെന്നും അതു പരിഗണിച്ചാണ് ഐഎൽഎസി ചേരാതിരിക്കുന്നതെന്നും വിമർശനമുണ്ട്.

രാജ്യത്തെ 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചാണ് 4 തൊഴിൽ കോഡുകൾ കൊണ്ടുവന്നത്.  അസംഘടിത മേഖലയിൽ അടക്കം കുറഞ്ഞ വേതനം, സാമൂഹ്യ സുരക്ഷ, വനിതകൾക്ക് പുരുഷൻമാർക്ക് തുല്ല്യമായ വേതനം എന്നിവ ഉൾപ്പെടെ രാജ്യത്തെ തൊഴിൽ മേഖലയിൽ കാതലായ മാറ്റം വരുത്താനുദ്ദേശിച്ചുള്ളതാണ് തൊഴിൽ പരിഷ്കാര കോഡുകൾ.

 
പുതിയ തൊഴിൽ കോഡ് അസംഘടിത തൊഴിലാളികൾക്കും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യം, കുറഞ്ഞ വേതനം, അത് കൃത്യമായി നൽകൽ എന്നിവ ഉറപ്പാക്കുന്നു. 10 തൊഴിലാളികൾക്ക് താഴെയുള്ള സ്ഥാപനങ്ങളിലും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കും. കരാർ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികൾക്ക് തുല്യമായ അവധി, സേവന, വേതന ആനുകൂല്യങ്ങൾ. ജോലിയിൽ ഒരു വർഷമായാലും ഗ്രാറ്റുവിറ്റി. ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുമ്പോൾ അപ്പോയ്‌മെന്റ് ഓർഡർ നിർബന്ധം. ഓവർടൈംമിന് ഇരട്ടി വേതനം, വനിതാ തൊഴിലാളികൾക്ക് പുരുഷമാർക്കു തുല്യമായ വേതനം എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്.

indian-workers

സ്‌ത്രീ ജീവനക്കാർക്ക് അവരുടെ അനുമതിയോടെ രാത്രി ഷിഫ്‌റ്റുകളിൽ ജോലി ചെയ്യാം. ഖനികളിലും വലിയ യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലുകളും ചെയ്യാം. അസംഘടിത തൊഴിലാളികൾക്ക് 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട്. തൊഴിലുടമകൾ ലാഭവിഹിതത്തിന്റെ 2% തൊഴിലാളികൾക്ക് നൽകണം. ഒരു ജീവനക്കാരൻ മാത്രമാണെങ്കിലും അപകടകരമായ തൊഴിലാണെങ്കിൽ ഇ.എസ്.ഐ സുരക്ഷയുണ്ടാവണം.

40 വയസിന് മേൽ പ്രായമുള്ള ജീവനക്കാർക്ക് വാർഷിക സൗജന്യആരോഗ്യ ചെക്കപ്പ്, അപകടകരമായ മേഖലകളിലെ തൊഴിലാളികൾക്ക് 100% ആരോഗ്യ സുരക്ഷ എന്നിവ വേണം. അസംഘടിത മേഖലയും ഓൺലൈൻ ജീവനക്കാരും ഇൻഷ്വറൻസ്, ആരോഗ്യ, പ്രസവാനുകൂല്യങ്ങൾ, പി.എഫ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയിലാണ്.

ഓഡിയോ-ഡിജിറ്റൽ മേഖല, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ, അനിമേഷൻ, കാർട്ടൂൺ, ഡിജിറ്റൽ പ്രൊഡക്‌ഷൻ, വെബ് സീരിയൽ, ഡബ്ളിംഗ്, സ്റ്റണ്ട് ആർട്ടിസ്റ്റ് തുടങ്ങിയ തൊഴിൽ മേഖലകൾ ദൃശ്യമാദ്ധ്യമ നിർമ്മാണ മേഖലയുടെ ഭാഗമാക്കി. 

ഐ.ടി ജീവനക്കാർക്ക് എല്ലാ 7-ാം തിയതിയും ശമ്പളം നൽകണം. പുതിയ കോഡ് പ്രകാരം 14 ദിവസത്തെ നോട്ടിസില്ലാതെ തൊഴിലാളി സംഘടനകൾക്ക് സമരം നടത്താൻ അനുവാദമില്ല. ഇതടക്കം വ്യവസ്ഥകളെയാണ് കേരളം എതി‌ർക്കുന്നത്.

Advertisment