ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് അഞ്ചുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ അമ്മയുടെ കാമുകന്‍ കൊന്നതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് പ്രതി കൊല ചെയ്തതെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.
സംഭവത്തില്‍ ചേന്നംപള്ളിപ്പുറം പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ(35), കാമുകന്‍ പല്ലുവേലി പണിക്കാശ്ശേരി റോഡില്‍ രാജേഷ് ഭവനത്തില്‍ രതീഷും (38) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കൊലക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ ആശയാണ് ഒന്നാംപ്രതി. ഇവരെ കൊട്ടാരക്കര വനിതാ ജയിലിലേക്കും രതീഷിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും മാറ്റി. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും.
ആശ ഗര്‍ഭിണിയായതും പ്രസവിച്ചതും ഭര്‍ത്താവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞുമായി വരാന്‍ പാടില്ലെന്ന ഭര്ത്താവിന്റെ നിബന്ധനയാണ് കൊലപാതകത്തിലേക്കു എത്തിച്ചത്. പ്രസവിച്ചയുടന്‍ കുട്ടിയെ ഏതുവിധേനയും ഒഴിവാക്കാന്‍ ആശ കാമുകനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രസവിച്ച ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ ബിഗ്ഷോപ്പറിലാണ് രതീഷ് വീട്ടിലേക്കു കൊണ്ടുപോയത്. ജോലിക്കു പോയ അയാളുടെ ഭാര്യ വരുംമുന്‍പ് കുഞ്ഞിനെക്കൊന്ന് ശൗചാലയത്തിനു സമീപം കുഴിച്ചിടുകയായിരുന്നു.
ചോരകുഞ്ഞിനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മൃതദേഹം കത്തിച്ചുകളയാനായി രതീഷ് മൃതദേഹം പുറത്തെടുത്ത് ശൗചാലയത്തില്‍ കിടത്തിയത്. പോലീസ് തന്ത്രപൂര്‍വം ഇയാളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊണ്ടുപോകാന്‍ സഞ്ചിവാങ്ങിയ സ്ഥലത്തും പൊതിയാന്‍ തുണിവാങ്ങിയ കടയിലും രതീഷിനെയെത്തിച്ചു തെളിവെടുത്തു. രണ്ടുപേരുടെയും കുഞ്ഞിന്റെയും ഡി.എന്‍.എ. സാംപിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുഞ്ഞിനെ കൊണ്ടുപോയ സഞ്ചി, പൊതിഞ്ഞ തുണി, സ്‌കൂട്ടര്‍ കുഴിക്കാനുപയോഗിച്ച മണ്‍വെട്ടി, ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍, എന്നിവ പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വേണ്ടപ്പെട്ടവര്‍ ആരുമില്ലാതെ സംസ്‌കരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, വൈസ് പ്രസിഡന്റ് ഷില്‍ജാ സലീം എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരത്തിനു നേതൃത്വം നല്‍കിയത്.