/sathyam/media/media_files/2025/09/14/kannan-2025-09-14-19-21-19.jpg)
കോട്ടയം: ഓടക്കുഴലും കൈയ്യിലേന്തി മയില്‍പീലിയും പീതാംബരവും ധരിച്ച ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിഞ്ഞൊരുങ്ങി എത്തിയതോടെ അക്ഷര നഗരി അമ്പാടിയായി. ഉച്ചകഴിഞ്ഞ് വിവിധയിടങ്ങളിലായി ആരംഭിച്ച്, പ്രധാന നഗരങ്ങളിലും ജങ്ഷനുകളിലും മഹാ ശോഭായത്രയായി സംഗമിക്കുന്ന രീതിയിലായിരുന്നു ശ്രീകൃഷ്ണ ജയന്തി ആഘോഷം. ഉറിയടി, നിശ്ചല ദൃശ്യം, ഗോപിക നൃത്തം എന്നിവ ശോഭാ യാത്രകളുടെ മാറ്റുകൂട്ടി.
ഇണങ്ങിയും പിണങ്ങിയും ഓടക്കുഴലുമായി കുരുന്നുകള്‍ മത്സരിച്ച് ശോഭയാത്രയില്‍ പങ്കെടുത്തത് കാഴ്ചക്കാര്‍ക്കും കുളിര്‍മയുടെ അനുഭവമായി. ഇക്കുറി കൂളിങ് ഗ്ലാസും വെച്ച് എത്തയ ഉണ്ണിക്കണ്ണന്‍മാരും കുറവായിരുന്നില്ല. പകല്‍ ചൂടില്‍ ഐസ് ബാറും കൈയ്യില്‍ പിടിച്ചു അവര്‍ നടന്നു നീങ്ങി. തിരുനക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകള്‍ കോട്ടയം സെന്‍ട്രല്‍ ജങ്ങ്ഷനില്‍ സംഗമിച്ചപ്പോള്‍ നയനാനന്ദകരമായ കാഴ്ചകള്‍ക്കാണു സാക്ഷ്യം വഹിച്ചത്.
നിരവധി കൃഷ്ണ വേഷധാരികളുടെ ചേലുള്ള നടത്തത്തില്‍ നഗരം മതിമറന്നു. തുടര്‍ന്ന്, മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. പലയിടങ്ങളിലും പായസ വിതരണം ഉള്‍പ്പെടെ ക്രമീകരിച്ചിരുന്നു. ജില്ലയില്‍ 1,100 ആഘോഷങ്ങളിലായി 2000 സ്ഥലങ്ങളിലാണു ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടന്നത്.