വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. ഒരു മാസക്കാലത്തോളം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന റിപോര്‍ട്ടര്‍ വീണ്ടും മൂന്നാം സ്ഥാനത്ത്. 87 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി ട്വന്റി ഫോര്‍ ന്യൂസ്. സിപിഎമ്മിന്റെ കൈരളി ന്യൂസിനെ പിന്തളളി ബിജെപിയുടെ ജനം ടിവി ഏഴാം സ്ഥാനത്തെത്തി

ആറാം സ്ഥാനക്കാരായ ന്യൂസ് മലയാളം 24ഃ7നും പോയിന്റ് കുറഞ്ഞു. മുന്‍ ആഴ്ചയില്‍ 33 പോയിന്റ് നേടിയിരുന്ന ന്യൂസ് മലയാളത്തിന് ഈയാഴ്ച 28 പോയിന്റ് മാത്രമേ ലഭിച്ചുളളു

New Update
channel rating asianet top

തിരുവനന്തപുരം: വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന കഴിഞ്ഞയാഴ്ചയിലെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്. ഒരു മാസക്കാലത്തോളം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന റിപോര്‍ട്ടര്‍ ടിവിയുടെ പിന്നോട്ടടിയും തുടരുകയാണ്.

Advertisment

മുന്‍ ആഴ്ചയില്‍ ഒന്നില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ റിപോര്‍ട്ടറിന് പോയ ആഴ്ചയും മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാനായില്ല. ചാനല്‍ റേറ്റിങ്ങ് ഏജന്‍സിയായ ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റേറ്റിങ്ങ് കൌണ്‍സില്‍ ഇന്ന് പുറത്തുവിട്ട റേറ്റിങ്ങ് കണക്കുകള്‍ പ്രകാരം ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തും ട്വന്റി ഫോര്‍ ന്യൂസ് രണ്ടാം സ്ഥാനത്തും റിപോര്‍ട്ടര്‍ ടിവി മൂന്നാം സ്ഥാനത്തുമാണ്. 


റേറ്റിങ്ങിലെ കേരളാ യൂണിവേഴ്‌സ് വിഭാഗത്തില്‍ 99 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. 87 പോയിന്റുമായി ട്വന്റി ഫോര്‍ ന്യൂസ് രണ്ടാം സ്ഥാനവും നിലനിര്‍ത്തി. മൂന്നാം സ്ഥാനത്ത് തുടരുന്ന റിപോര്‍ട്ടറിന് 84 പോയിന്‍േറ നേടാനായുളളു. മൂന്‍ ആഴ്ചയിലേക്കാള്‍ പോയിന്റ് വര്‍ദ്ധിപ്പിക്കാന്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളള ചാനലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മുന്‍ ആഴ്ചയില്‍ 95 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് 4 പോയിന്റ് വര്‍ദ്ധിപ്പിച്ചാണ് നില ഭദ്രമാക്കിയത്. 85 പോയിന്റുണ്ടായിരുന്ന ട്വന്റി ഫോര്‍ ന്യൂസ് 2 പോയിന്റ് വര്‍ദ്ധിപ്പിച്ചു. ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റും രണ്ടാം സ്ഥാനത്ത് തുടരുന്ന ട്വന്റി ഫോറും തമ്മില്‍ 12 പോയിന്റിന്റെ അന്തരമാണുളളത്. ഇത് ഏഷ്യാനെറ്റ് ന്യൂസിന് ആത്മവിശ്വാസം പകരുന്ന മുന്നേറ്റമാണ്.


മൂന്നാം സ്ഥാനത്ത് തുടരുന്ന റിപോര്‍ട്ടര്‍ മുന്‍ ആഴ്ചയിലേക്കാള്‍ 4 പോയിന്റ് കൂട്ടിയെങ്കിലും ട്വന്റിഫോര്‍ 2 പോയിന്റ് വര്‍ദ്ധിപ്പിച്ചതോടെ അവരെ മറികടക്കാനായില്ല. തൊട്ടുമുന്‍പുളള ആഴ്ചയില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ട്വന്റിഫോറും മൂന്നാമത് ഉണ്ടായിരുന്ന റിപോര്‍ട്ടര്‍ ടിവിയും തമ്മില്‍ 5 പോയിന്റ് വ്യത്യാസമായിരുന്നു ഉണ്ടായിരുന്നത്.


ഇന്ന് പുറത്തുവന്ന പുതിയ റേറ്റിങ്ങ് കണക്കില്‍ അത് 3 പോയിന്റായി കുറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനെയും റിപോര്‍ട്ടറിനെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന കണക്കാണിത്. വരുന്ന ആഴ്ചയില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടും എന്നതാണ് ട്വന്റി ഫോറിന്റെ ആശങ്ക.

കിണഞ്ഞ് പരിശ്രമിച്ചിട്ടും ട്വന്റി ഫോറിനെ മറികടക്കാന്‍ കഴിയാത്തതാണ് റിപോര്‍ട്ടറിനെ ആശങ്കപ്പെടുത്തുന്ന കാര്യം. രണ്ടാം സ്ഥാനക്കാരുമായുളള പോയിന്റ് വ്യത്യാസം അഞ്ചില്‍ നിന്ന് മൂന്നായി കുറയ്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് റിപോര്‍ട്ടറിന് ആശ്വാസം പകരുന്നത്.

Untitledpatnaa7

എന്നാല്‍ വലിയ പരിശ്രമം നടത്തിയിട്ടും പ്രേക്ഷക പ്രീതി കുറയുന്നതാണ് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം. വലിയ വാര്‍ത്താ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് റിപോര്‍ട്ടറിലേക്ക് കൂടുതല്‍ പ്രേക്ഷകര്‍ വരുന്നത്. റേറ്റിങ്ങില്‍ പോയിന്റ് നേടിക്കൊടുത്തിരുന്ന ഡോ.അരുണ്‍ കുമാറിന്റെ പ്രഭാത പരിപാടി ഇപ്പോള്‍ ഏഷ്യാനെറ്റിനും ട്വന്റി ഫോറിനും പിന്നിലാണ്.


എഡിറ്റര്‍മാര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്ന രാത്രി പരിപാടിയായ മീറ്റ് ദി എഡിറ്റേഴ്‌സിനും ഇപ്പോള്‍ പ്രേക്ഷക പ്രീതിയില്ല. ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ച് പോയ ശേഷം കാമ്പും കഴമ്പുമുളള അഭിപ്രായങ്ങള്‍ പറയുന്നവര്‍ ആരുമില്ലാത്തതാണ് പരിപാടിയുടെ ജനപ്രീതി കുറച്ചത്. ചാനലിന്റെ ഇടത് അനുകൂല നിലപാടിനൊപ്പം കോണ്‍ഗ്രസിനോട് പുലര്‍ത്തുന്ന വൈരനിര്യാതന നിലപാടും പ്രേക്ഷക പിന്തുണ കുറയാന്‍ കാരണമായിട്ടുണ്ട്.


റേറ്റിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനത്തുളള ചാനലുകള്‍ പോയിന്റ് വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിന് പിന്നിലുളള ചാനലുകള്‍ക്ക് ആ നേട്ടം കൈവരിക്കാന്‍ കഴിയാത്തതാണ് പുതിയ റേറ്റിങ് കണക്കുകളിലെ മറ്റൊരു സവിശേഷത. റേറ്റിങ്ങില്‍ നാലാം സ്ഥാനത്തുളള മനോരമ ന്യൂസിന് 42 പോയിന്റാണുളളത്. മുന്‍ ആഴ്ചയിലേക്കാള്‍ 2 പോയിന്റ് കുറവാണിത്.

മികച്ച ന്യൂസ് സ്റ്റോറികളും ബ്രേക്കിങ്ങ് സ്റ്റോറികളും കൊണ്ടുവന്നിട്ടും റേറ്റിങ്ങില്‍ അതിന്റെ മെച്ചം കിട്ടാത്തത് മനോരമക്ക് നിരാശ പകരുന്നുണ്ട്. അഞ്ചാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിന് കഴിഞ്ഞയാഴ്ചത്തെ അതേ പോയിന്റ് തന്നെയാണ് ഇത്തവണയും ലഭിച്ചത്. 41 പോയിന്റാണ് മാതൃഭൂമി ന്യൂസിന്റെ സമ്പാദ്യം.

ആറാം സ്ഥാനക്കാരായ ന്യൂസ് മലയാളം 24ഃ7നും പോയിന്റ് കുറഞ്ഞു. മുന്‍ ആഴ്ചയില്‍ 33 പോയിന്റ് നേടിയിരുന്ന ന്യൂസ് മലയാളത്തിന് ഈയാഴ്ച 28 പോയിന്റ് മാത്രമേ ലഭിച്ചുളളു. ഒറ്റ ആഴ്ചയില്‍ 5 പോയിന്റിന്റെ നഷ്ടമാണ് ന്യൂസ് മലയാളത്തിന് സംഭവിച്ചത്. അതാത് ആഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിങ്ങ് കണക്കാക്കുന്ന സമ്പ്രദായം വന്നതോടെ ഓരോ പോയിന്റും നിര്‍ണായകമാണ്.


കൈരളി ന്യൂസിനെ പിന്തളളിക്കൊണ്ട് ജനം ടിവി ഏഴാം സ്ഥാനത്തെത്തിയതാണ് ഈയാഴ്ചയിലെ റേറ്റിങ്ങ് അട്ടിമറി. കഴിഞ്ഞ വാരം 17 പോയിന്റ് ഉണ്ടായിരുന്ന ജനം ടിവി 5 പോയിന്റ് വര്‍ദ്ധിപ്പിച്ച് 22 പോയിന്റുമായാണ് കൈരളി ന്യൂസിനെ മറികടന്നത്.


മുന്‍ ആഴ്ചയിലെ 18 പോയിന്റില്‍ നിന്ന് മുന്നോട്ട് പോകാന്‍ കഴിയാതിരുന്ന കൈരളി ന്യൂസ് എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.14 പോയിന്റുമായി ന്യൂസ് 18 കേരളം ഒന്‍പതാം സ്ഥാനത്തും 11 പോയിന്റുമായി മീഡിയാ വണ്‍ പത്താം സ്ഥാനത്തുമുണ്ട്.

Advertisment