സംഭവ ദിവസം തന്നോട് സംസാരിച്ചിരുന്നുവെന്ന് ആസിയയുടെ ഉമ്മ സലീന. പഠിപ്പുള്ള കുട്ടിയാണ്, ജീവനൊടുക്കുമെന്ന് കരുതുന്നില്ലെന്ന് മാതാവ്

മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

New Update
asiya Untitledel

കായംകുളം: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെണ്‍കുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആസിയയെ ആലപ്പുഴ ലജ്നത്ത് വാര്‍ഡിലെ ഭര്‍ത്താവ് മുനീറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മരിച്ച പിതാവിന്റെ അടുത്തേക്ക് പോകുന്നു എന്ന് ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചായിരുന്നു ആസിയ ജീവനൊടുക്കിയത്. ആസിയ സ്വന്തം കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പും, സമാന രീതിയില്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച സ്റ്റോറി വിഡിയോയും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഉന്നത വിദ്യാഭ്യാസമുള്ള ആസിയ ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

സംഭവ ദിവസം 7.40 വരെ ആസിയ തന്നോട് സംസാരിച്ചിരുന്നുവെന്ന് ആസിയയുടെ ഉമ്മ സലീന പറഞ്ഞു. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല. ഗുളിക കഴിച്ച് ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് പിന്നീട് കേള്‍ക്കുന്നതെന്ന് സലീന പറയുന്നു. പഠിപ്പുള്ള കുട്ടിയാണ്, ജീവനൊടുക്കുമെന്ന് കരുതുന്നില്ലെന്നാണ് മാതാവ് പറയുന്നത്. അതേസമയം ആസിയയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത ആലപ്പുഴ സൗത്ത് പൊലീസ് ഭര്‍ത്താവ് മുനീറിന്റെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തി. പിതാവിന്റെ മരണശേഷം പെണ്‍കുട്ടി അതീവ ദുഃഖിതയായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ആസിയയുടെ ശരീരത്തില്‍ മര്‍ദനമേറ്റതോ മറ്റു പാടുകളോ ഇല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി.

Advertisment