ചരിത്രത്തിലാദ്യമായി കോര്‍പറേഷന്‍ തോറ്റമ്പിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പിടിക്കുമെന്ന് സിപിഎമ്മിന്റെ ന്യായീകരണ ക്യാപ്‌സൂള്‍. നേമത്തും വട്ടിയൂര്‍കാവിലും മാത്രമായി ബിജെപിയുടെ നിയമസഭാ മോഹം ഒതുക്കാനായി. തദ്ദേശ ജനവിധിപ്രകാരം 80 സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലേക്ക്. ജനം നല്‍കിയ തിരിച്ചടിയില്‍ പാഠം പഠിക്കാതെ തോല്‍വി ന്യായീകരിക്കാന്‍ ക്യാപ്‌സൂളുകള്‍ ഇറക്കി സിപിഎം

ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷനിൽ പോലും വോട്ടു കൂടിയെന്ന ന്യായീകരണം നിരത്തി തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ മറികടക്കാൻ ശ്രമിക്കുകയാണ് സി.പി.എം. 

New Update
congress bjp cpm flag
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായെങ്കിലും അതിനെ ന്യായീകരിക്കാൻ വോട്ടെണ്ണം കൂടിയെന്ന ക്യാപ്സൂൾ ന്യായീകരണമിറക്കിയിരിക്കുകയാണ് സി.പി.എം. 

Advertisment

ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷനിൽ പോലും വോട്ടു കൂടിയെന്ന ന്യായീകരണം നിരത്തി തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ മറികടക്കാൻ ശ്രമിക്കുകയാണ് സി.പി.എം. 


തിരുവനന്തപുരം കോർപറേഷനിൽ ഭരണം കിട്ടിയ ബിജെപി 1,65,891 വോട്ടുകൾ മാത്രമാണ് നേടിയതെന്നും സി.പി.എമ്മിന് 1,75,562 വോട്ടുകളുണ്ടെന്നുമാണ് അവകാശവാദം. യു.ഡി.എഫിന് 1,25,984 വോട്ട് മാത്രമേ കിട്ടിയുള്ളൂ എന്നും ഇടതു കേന്ദ്രങ്ങൾ അവകാശപ്പെടുന്നു.


അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണികൾക്കു കിട്ടിയ വോട്ടുകളെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ കുട്ടിയെടുത്താൽ എൽ.ഡി.എഫിനുണ്ടായ വൻ തിരിച്ചടി വ്യക്തമാവും. യുഡിഎഫിന് 80, എൽ.ഡി.എഫിന് 58, എൻഡിഎയ്ക്ക് 2 സീറ്റുകളാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൂട്ടിയാൽ ലഭിക്കുക. 

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകളെ അവ നിലകൊള്ളുന്ന നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലേക്കു മാറ്റിയ ശേഷം നടത്തിയ കണക്കെടുപ്പാണ് കേവല ഭൂരിപക്ഷത്തേക്കാൾ 10 സീറ്റ് അധികം നേടി യുഡിഎഫ് ഭരണത്തിലേറുന്ന സാഹചര്യത്തിലേക്കു വിരൽചൂണ്ടുന്നത്. 

എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിനെ അടിസ്ഥാനമാക്കിയുള്ള സമാനമായ കണക്കെടുപ്പിൽ എൽ.ഡി.എഫിന് 101ഉം യുഡിഎഫിന് 38ഉം സീറ്റുകളായിരുന്നു. ഏറെക്കുറെ ശരിവയ്ക്കുന്നതായിരുന്നു തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം. എൽഡിഎഫിന് 99ഉം യുഡിഎഫിന് 41ഉം സീറ്റുകൾ ലഭിച്ചു.


ഇത്തവണത്തെ തദ്ദേശഫലം വിലയിരുത്തിയാൽ മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിൻ്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫിന് യുഡിഎഫിനെക്കാൾ മുൻതൂക്കമുള്ളത്. 


നിലവിൽ ലോക്‌സഭാംഗമുള്ള തൃശൂരിൽ ബിജെപിക്ക് ഒരു നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിൽ പോലും ലീഡില്ല. തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ബിജെപിക്കു ഭൂരിപക്ഷമുള്ളത്. 

തിരുവനന്തപുരത്തും (10-2) തൃശൂരിലും (11-2) ആണ് എൽഡിഎഫിന് കാര്യമായ ലീഡ്. കണ്ണൂരിൽ ഒരു സീറ്റിൻ്റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിനു മുൻതൂക്കം (6-5). അതേസമയം കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് (10-3) മികച്ച നേട്ടമാണ്.

ഇതാണ് ജനം വിധിയെഴുതിയതിന്റെ വിലയിരുത്തൽ എന്നിരിക്കെ, ഇടതിന് മാത്രമാണ് വോട്ടു കൂടിയതെന്ന വിലയിരുത്തലുമായി സി.പി.എം നേതാക്കളെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. 


കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ കിട്ടിയ വോട്ടുകണക്കും ഇപ്പോഴത്തെ കണക്കും പങ്കുവച്ചാണ് സി.പി.എമ്മിന്റെ പുതിയ ന്യായീകരണം. കഴിഞ്ഞ വർഷത്തെയും ഇക്കൊല്ലത്തെയും വോട്ട് താരതമ്യപ്പെടുത്തുമ്പോൾ ബി.ജെ.പിക്ക് 2,13,214 വോട്ടുണ്ടായിരുന്നത് 1,65,891ആയി കുറഞ്ഞു. 


കോൺഗ്രസിന് 1,84,727 ആയിരുന്നത് 1,25,984 ആയി കുത്തനേ കുറഞ്ഞു. എൽ.ഡി.എഫിന് 1,29,048 വോട്ടുകളായിരുന്നത് 1,67,522 ആയി വർദ്ധിച്ചു. ഇതാണ് ദേശീയതലത്തിൽ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷനിലെ യഥാർത്ഥ ചിത്രമെന്ന് ജോൺബ്രിട്ടാസ് എം.പിയും വിലയിരുത്തുന്നു.
 
കോർപറേഷൻ കൈവിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ തിരുവനന്തപുരത്ത് സാധിക്കും എന്നാണ് സി.പി.എമ്മിന്റെ മറ്റൊരു ന്യായീകരണം. 


ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേമത്തും വട്ടിയൂർകാവിലുമാണ് ബിജെപി ഒന്നാമതെത്തിയത്. നേമത്ത് ബിജെപിക്ക്  44816ഉം എൽ.ഡി.എഫിന് 39767ഉം യുഡിഎഫിന് 22 246ഉം വോട്ടുകളാണ് കിട്ടിയത്. അതായത് ബിജെപിയുടെ ഭൂരിപക്ഷം 5049 മാത്രമാണ്. 


വട്ടിയൂർകാവിലാവട്ടെ ബിജെപിക്ക് 38051ഉം ഇടതിന് 35554ഉം യുഡിഎഫിന് 33083വോട്ടുമാണ് കിട്ടിയത്. 2497വോട്ടുകളുടെ നേരിയ വ്യത്യാസം മാത്രമാണ് അവിടെയുള്ളത്. ബി.ജെ.പിയുടെ നിയമസഭാ മോഹം രണ്ടു മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നും അതു തടയാൻ എൽഡിഎഫിനെ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴിയെന്നും സി.പി.എം വിലയിരുത്തുന്നു.

Advertisment