/sathyam/media/media_files/2025/12/02/kpcc-reorganisation-2025-12-02-12-16-46.webp)
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തിൽ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്.
നിലവിൽ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുള്ള വർക്കിംഗ് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ എന്നിവരെ ഒഴിവാക്കാനുള്ള സാധ്യതയാണ് ഉരിത്തിരിയുന്നത്.
സംഘടനാ ചുമതലകളിൽ നിന്നും അവർ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നും ഇവരെ ഒഴിവാക്കി അവർ മത്സരിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം ഉയർന്നിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉടൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മുന്നൊരുക്കങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് കോൺഗ്രസിൽ ആവശ്യം ഉയർന്നു കഴിഞ്ഞു.
പത്തുവർഷം അധികാരത്തിൽ നിന്നും മാറിനിന്ന കോൺഗ്രസിന് വലിയ മുന്നേറ്റം സംസ്ഥാനത്തുടനീളം ആവശ്യമാണെന്നും അതിനായി മത്സര രംഗത്ത് ഇറങ്ങാൻ സാധ്യതയുള്ളവർ അവർ ഉദ്ദേശിക്കുന്ന മണ്ഡലത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ഇപെടൽ വേണമെന്നാണ് വിലയിരുത്തൽ.
സോഷ്യൽ എൻജിനിയറിങ്ങിന്റെ ഭാഗമായി അംഗസംഖ്യ കുറവുള്ള വിഭാഗങ്ങളെയും കേട്ട് അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകാനും താഴെത്തട്ടിൽ നിർദ്ദേശം നൽകി കഴിഞ്ഞു. തിരഞ്ഞടുപ്പ് തന്ത്രത്തിൻ്റെ ഭാഗമായി ഇക്കാര്യങ്ങളിൽ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നുമുള്ള കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.
നിലവിൽ കെപിസിസിയുടെ രണ്ട് വർക്കിംഗ് പ്രസിഡൻ്റുമാരും എംഎൽഎമാർ ആയതിനാൽ തന്നെ അവർക്ക് ഭാരിച്ച സംഘടന ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതുണ്ട്.
വർക്കിംഗ് പ്രസിഡൻ്റുമാരായ എ പി അനിൽകുമാർ പി സി വിഷ്ണുനാഥ് എന്നിവർക്ക് യഥാക്രമം മധ്യമേഖലയുടെയും ദക്ഷിണ മേഖലയുടെയും ചുമതലകളാണ് നൽകിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ അവർക്ക് വേണ്ട രീതിയിൽ തങ്ങളുടെ മണ്ഡലത്തിൽ ശ്രദ്ധിക്കാനായി എന്ന് വരില്ല.
തന്നെയുമല്ല നിലവിൽ അവർ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അവരെ ഏൽപ്പിച്ച സംഘടനാ ഉത്തരവാദിത്വം പൂർണ്ണതോതിൽ നിർവ്വഹിക്കപ്പെടുന്നുമില്ല.
പല ജില്ലകളിൽ നിന്നും ഇതു സംബന്ധിച്ച പരാതികളും വ്യാപകമായി ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും നിർണായകമായതിനാൽ തന്നെ അവിടെ യുഡിഎഫ് നടത്തുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇവരെയും ഉൾപ്പെടുത്തേണ്ടതുണ്ട്. അതിന് കഴിയണമെങ്കിൽ നിലവിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഒഴിവാകുകയും വേണം.
നിലവിലെ വൈസ് പ്രസിഡൻ്റുമാർക്ക് ജില്ലകളുടെ ചുമതലയും ജനറൽ സെക്രട്ടറിമാർക്ക് നിയോജക മണ്ഡലം തല ചുമതലയുമാണ് നൽകിയിട്ടുള്ളത്.
ഇവരിലും മത്സര സാധ്യതയുള്ളവർക്ക് മാറ്റം വന്നേക്കും. ജില്ലകളുടെയും നിയോജക മണ്ഡലങ്ങളുടെയും ചുമതലയിൽ നിന്നും ഒഴിവാക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
കെ.പി.സി.സി പ്രസിഡൻ്റ് മത്സരിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ ചുമതല മറ്റൊരാൾക്ക് കൈമാറേണ്ടി വന്നേക്കും.
2011 കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മത്സരിച്ചപ്പോൾ ചുമതല തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് കൈമാറിയിരുന്നു.
ഇതേ നടപടി നിലവിലും അനുവർത്തിക്കേണ്ടതായി വന്നേക്കും. അതുകൊണ്ടുതന്നെ സംഘടനാ തലത്തിൽ സമൂല അഴിച്ചു പണിക്കാണ് സാധ്യതയേറുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us