/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം അവസാന വാരമോ മാർച്ച് ആദ്യമോ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥർ കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
ഏപ്രിൽ രണ്ടാംവാരത്തിൽ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ആലോചന. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ബംഗാളിലുമടക്കം തിരഞ്ഞെടുപ്പുകൾ വരുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാവുമെന്ന ധാരണയിൽ, സ്ഥാനാർത്ഥി നിർണയത്തിലടക്കം അവസാനഘട്ട ഒരുക്കങ്ങളിലാണ് മുന്നണികൾ. കോൺഗ്രസാണ് ഇക്കാര്യത്തിൽ ഒരു മുഴം മുന്നിൽ. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഏറെക്കുറെ ധാരണയായി. അടുത്താഴ്ച സ്ഥാനാർത്ഥി നിർണയ ചർച്ചയിലേക്കും കടക്കും.
സർക്കാരിനെതിരായ ജനവികാരവും സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങളും ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരും.
പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും.
/filters:format(webp)/sathyam/media/media_files/2026/02/14/kc-venugopal-sunny-joseph-deepadas-munshi-ramesh-chennithala-2026-02-14-14-56-36.jpg)
വിജയസാദ്ധ്യതയുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പരമാവധി സീറ്റുകൾ വിജയിക്കുകയാണ് ലക്ഷ്യം.
അതിനാൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വിജയസാദ്ധ്യത ഉറപ്പുള്ളവരെ മത്സരിപ്പിക്കാനാണ് നീക്കം. അതേസമയം, റിബലുകളെ ഒഴിവാക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് നടത്തും.
ഇടതുമുന്നണിയും സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകൾ വേഗത്തിലാക്കിയിട്ടുണ്ട്. മേഖലാജാഥകൾ 16 ന് അവസാനിച്ചാൽ മുന്നണി സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കും. സീറ്റുവിഭജനത്തിലോ സ്ഥാനർത്ഥി നിർണയത്തിലോ എൽ.ഡി.എഫിൽ വലിയ കീറാമുട്ടികളില്ല.
എൻ.ഡി.എ ആവട്ടെ സ്ഥാനാർത്ഥി നിർണയം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസവും രണ്ടാം ഘട്ടം അടുത്തമാസവും പുറത്തിറക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/10/rajeev-chandrasekhar-press-meet-2-2026-01-10-20-27-46.jpg)
ബി.ഡി.ജെ.എസുമായുള്ള സീറ്റുവിഭജനം മാത്രമാണ് അവശേഷിക്കുന്നത്. അത് ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
അടുത്ത ആഴ്ച കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറാവും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരത്തോടെ ഏറ്റവും നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയേക്കും.
പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ എം.എൽ.എ മാരൊഴികെ നിലവിലെ എല്ലാ എം.എൽ.എമാരും മത്സരത്തിനുണ്ടാവാനാണ് സാദ്ധ്യത. കെ.ബാബു (തൃപ്പൂണിത്തുറ) മത്സരിക്കാൻ താത്പര്യം കാട്ടിയിട്ടില്ല. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് മത്സരരംഗത്തുണ്ടെങ്കിൽ പാർട്ടി ചുമതല ഒഴിഞ്ഞേക്കും.
/filters:format(webp)/sathyam/media/media_files/2026/02/14/kc-joseph-kodikunnil-suresh-benny-bahanan-2026-02-14-15-02-28.jpg)
ബെന്നിബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി ജോസഫ് തുടങ്ങിയ പേരുകളാണ് പകരം പറഞ്ഞു കേൾക്കുന്നത്.
മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരുണ്ടെങ്കിലും പി.സി വിഷ്ണുനാഥും എ.പി.അനിൽകുമാറും നിലവിൽ എം.എൽ.എമാരാണ്. ഇരുവരും ഇത്തവണയും മത്സരിക്കുമെന്നുറപ്പാണ്.
അതേസമയം, സർപ്രൈസ് സ്ഥാനാർത്ഥികളെ ഇറക്കി മത്സരം കടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. പൊതുസമ്മതരെ സ്വതന്ത്രരാക്കി മത്സരിപ്പിക്കുന്ന പരീക്ഷണം ഇത്തവണയും ആവർത്തിക്കും.
/filters:format(webp)/sathyam/media/media_files/IOnp4Es0KmzCddM3gUPh.jpg)
മുൻ ഡിജിപി ജേക്കബ് തോമസിനെ തൃശൂരിൽ മത്സരിപ്പിക്കും. ഇതിനു മുന്നോടിയായി തൃശൂരിൽ വീടെടുത്ത് ജേക്കബ് തോമസ് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/02/14/tp-zenkumar-2026-02-14-15-05-04.jpg)
മുൻ ഡിജിപി ടി.പി സെൻകുമാറിനെ ദക്ഷിണ ജില്ലകളിൽ പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലത്ത് നിന്ന് വിജയിച്ച മുൻ ഡിജിപി ആർ.ശ്രീലേഖയെ വീണ്ടും കളത്തിലിറക്കാനും നീക്കമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us