എം.എല്‍.എയുടെ മകള്‍ക്ക് ലൈവായി ജനന സര്‍ട്ടിഫിക്കറ്റ്, സ്മാര്‍ട്ട് ഗവേര്‍ണന്‍സിന് സാക്ഷികളായി നിയമസഭാ സാമാജികര്‍

New Update
SMART GOVERNS

തിരുവനന്തപുരം: ലൈവായി മകളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വി.കെ പ്രശാന്ത് എം.എല്‍.എ, ആവേശഭരിതരായി നിയമസഭാ സാമാജികര്‍. ഇ ഗവേണന്‍സ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമായ കെസ്മാര്‍ട് സേവനം ഏപ്രില്‍ 10 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍ നിയമസഭാ സാമാജികര്‍ക്കായി നടത്തിയ സ്‌പെഷ്യല്‍ സെഷനിലാണ് നിമിഷനേരത്തിനകം കെസ്മാര്‍ട്ടിലൂടെ സ്മാര്‍ട്ട് ജനന സര്‍ട്ടിഫിക്കേറ്റ് ലൈവായി എം.എല്‍.എ  എടുത്തത്.


Advertisment

ത്രിതല പഞ്ചായത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിലവില്‍ ട്രയല്‍ റണ്‍ നടത്തിവരികയാണ് കെസ്മാര്‍ട്ട്. പദ്ധതി നഗരസഭകളില്‍ നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതിനോടകം കൈവരിച്ച നേട്ടങ്ങളും പദ്ധതിയുടെ ഗുണഫലങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ് ചടങ്ങില്‍ വിശദീകരിച്ചു.


നിലവില്‍ പഞ്ചായത്തുകളിലെ ഇന്റര്‍ഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്), കെട്ടിട നിര്‍മാണ അനുമതിക്കുള്ള 'സങ്കേതം', ശമ്പളവും മറ്റ് അലവന്‍സ് കാര്യങ്ങള്‍ക്കുമായുള്ള 'സ്ഥാപന' തുടങ്ങിയ സോഫ്റ്റുവെയറുകള്‍ മുഖേനയുണ്ടായിരുന്ന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണമായും കെസ്മാര്‍ട് പ്ലാറ്റ്ഫോമിലേക്ക് മാറും. 

ഇവയില്‍ നിലവിലുള്ള ഫയലുകളെല്ലാം മാര്‍ച്ച് 31നുള്ളില്‍ തീര്‍പ്പാക്കും. ജനന, മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ മുമ്പ് ആവശ്യമായിരുന്ന സമയം ചുരുങ്ങിയത് 7 ദിവസമായിരുന്നു. കെസ്മാര്‍ട്ടിലൂടെ ഇത് വെറും 25 മിനുട്ടില്‍ സാധ്യമാകും. മുമ്പ് ചുരുങ്ങിയത് 10 ദിവസം ആവശ്യമായിരുന്ന വിവാഹ രജിസ്ട്രേഷന് കെസ്മാര്‍ട്ടില്‍ ആവശ്യമായി വരുന്നത് പരമാവധി 1 ദിവസമാണ്. മാത്രവുമല്ല വീഡിയോ കെവൈസി മുഖേന മറ്റ് നൂലാമാലകളൊന്നുമില്ലാതെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. 


വരനും വധുവും വിദേശത്ത്, ഒരേ രാജ്യത്തും വെവ്വേറെ രാജ്യത്തുള്ളതും, ഒരാള്‍ വിദേശത്തും ഒരാള്‍ നാട്ടിലുള്ളതുമെന്നുവേണ്ട ലോകത്തിന്റെ ഏതു കോണിലിരുന്നും വിവാഹങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാനാകും. അതുപോലെ, കെട്ടിട നിര്‍മാണ അനുമതിയ്ക്ക് മുമ്പ് 30 ദിവസങ്ങള്‍ വേണ്ടിയിരുന്നിടത്ത് കെസ്മാര്‍ട്ടില്‍ 30 സെക്കന്റുകള്‍ മതിയാകും. 


ഓരോ ഉപഭോക്താവും സ്വന്തം ലോഗിന്‍ മുഖേനയാണ് കെ കെസ്മാര്‍ട്ടിലും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കാര്യങ്ങളില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലെന്ന് ആശങ്കയുള്ളവര്‍ക്കായി ഹെല്‍പ്ഡെസ്‌ക് സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സംവിധാനം ഫ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരിക്കും.  ലോഗിന്‍ ക്രിയേറ്റ് ചെയ്യാനും അപേക്ഷകള്‍ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ഇവിടെ ലഭ്യമാകും.

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചടങ്ങില്‍ അധ്യക്ഷനായി. തദേശസ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, സഹകരണവും രജിസ്‌ട്രെഷനും വകുപ്പു മന്ത്രി വി.എന്‍ വാസവന്‍, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, തദ്ദേശവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.ഡി അനുപമ, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisment