ജൂലൈ 3, സെൻറ് തോമസ് ദിനത്തിലെ മൂല്യനിർണയ ക്യാമ്പുകൾ മാറ്റിവയ്ക്കണം: കത്തോലിക്ക കോൺഗ്രസ്.

New Update
Catholic Congress

രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് സെൻറ് തോമസ് ദിനമായ ജൂലൈ മൂന്നിന് നടത്താനുള്ള നീക്കത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രതിഷേധിച്ചു.

Advertisment

2025ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകളിലെ ഡ്യൂട്ടിക്ക് നിയോഗിച്ച മുഴുവൻ അധ്യാപകരും ജൂലൈ 3, 4, 5 തീയതികളിൽ ക്യാമ്പ് നടക്കുന്ന വിദ്യാലയങ്ങളിൽ എത്തിച്ചേരണമെന്നതാണ് ഹയർസെക്കൻഡറി ജോയിൻറ് ഡയറക്ടറുടെ ഉത്തരവ്. 

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജൂലൈ 3 ഭാരത അപ്പസ്തോലനായ മാർത്തോമാ ശ്ലീഹായുടെ ഓർമ്മദിനം വിവിധ പരിപാടികളോടെ ആചരിക്കുകയാണ്. അന്നേദിവസം പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ  ചടങ്ങുകളിൽ സംബന്ധിക്കേണ്ടതുള്ളതുകൊണ്ട് ക്രൈസ്തവ മാനേജ്മെന്റുകൾ പ്രസ്തുത ദിനം പ്രാദേശിക അവധി നൽകുകയും പകരം മറ്റൊരു ദിനം പ്രവർത്തിദിനമാക്കുകയുമാണ് പതിവ്. ഇപ്രകാരം പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ വകുപ്പിൻറെ അനുമതി നേരത്തെ ഉള്ളതാണ്.

 ഈ സാഹചര്യത്തിൽ ജൂലൈ മൂന്നിന് നടത്താനിരിക്കുന്ന ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം എന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സുപ്രധാന ദിവസങ്ങളിൽ ഇതുപോലെ മൂല്യനിർണയ ക്യാമ്പുകളും, പൊതു പരീക്ഷകളും, ഇൻറർവ്യൂകളും സംഘടിപ്പിക്കുന്ന ഒരു രീതി കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർന്നു പോരുന്നുണ്ടെന്നത് പ്രതിഷേധാർഹമാണ്. 

ജൂലൈ 3 പൊതുഅവധി പ്രഖ്യാപിക്കണമെന്ന ക്രൈസ്തവരുടെ വർഷങ്ങളായുള്ള ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ കേന്ദ്ര നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഗ്ലോബൽ പ്രസിഡണ്ട് രാജീവ്‌ കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, വൈസ് പ്രസിഡണ്ട് ഡോ. കെ. എം. ഫ്രാൻസീസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, തമ്പി എരുമേലിക്കര, ഡോ. കെ. പി.  സാജു, ജോമി ഡോമിനിക് എന്നിവർ പ്രസംഗിച്ചു.

Advertisment