കൊല്ലം: സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി സുഹൃത്ത്. 18-ാമത്തെ വയസിലാണ് അതുല്യയുടെ വിവാഹം കഴിഞ്ഞത്. അതിനുശേഷം പിന്നീട് പ്രശ്‌നങ്ങളായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
അതുല്യയും സതീഷും തമ്മില്‍ പ്രായവ്യത്യാസമുണ്ട്. അതിന്റെ ഈഗോ സതീഷിനുണ്ടെന്ന് അതുല്യ പറയാറുണ്ടായിരുന്നു. സൈക്കോയെപ്പോലെയാണ് സതീഷിന്റെ പെരുമാറ്റമെന്നും മദ്യം കഴിച്ചാല്‍ പിന്നെ പെരുമാറ്റം മാറുമെന്നും പറഞ്ഞിട്ടുണ്ട്. രാവിലെ ഒന്നും ഓര്‍മയില്ലാത്തപോലെ പെരുമാറും.
സതീഷ് ജോലിക്ക് പോകുമ്പോള്‍ അതുല്യയെ ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ടാണ് പോകുന്നത്. ഓഫീസില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ സതീഷ് പുറത്തുനിന്ന് ലോക്ക് തുറന്നശേഷമാണ് അതുല്യ അകത്തെ പൂട്ട് തുറന്നു നല്‍കാറുള്ളത്.
ശാരീരകമായും മാനസികമായും അതുല്യയെ പീഡിപ്പിച്ചിരുന്നു. ബുദ്ധിമുട്ടാണെങ്കില്‍ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ അതുല്യയോട് പറഞ്ഞിരുന്നു.
സതീഷിനോടുള്ള ഇഷ്ടം കാരണം വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ അതുല്യ തീരുമാനിക്കുകയായിരുന്നു,'' അതുല്യയുടെ സുഹൃത്ത് പറഞ്ഞു.
ഓരോ തവണയും പ്രശ്‌നമുണ്ടാകുകയും പിന്നീട് മാപ്പുപറയുകയും ചെയ്യുകയായിരുന്നു. നാട്ടിലുള്ള മകളെയും ഷാര്‍ജയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ് അതുല്യയെ ബുദ്ധിമുട്ടിക്കുമായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.