മറയൂർ: എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ സഹായിക്കാനെത്തി പണം കവർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്‌തു. കണ്ണൂർ ആലംകോട്, ഉദയഗിരി ഭാഗത്ത് കുന്നേൽവീട്ടിൽ ഷിജുരാജാണ് (33) അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ചിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു സമീപത്തെ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ കാന്തല്ലൂർ പെരടിപ്പള്ളം സ്വദേശിയായ ദുരരാജിനെ സഹായിക്കാനെത്തി എ.ടി.എം കാർഡുമായി കടന്നുകളയുകയും അക്കൗണ്ടിലുണ്ടായിരുന്ന 72,000 രൂപ പിൻവലിച്ചശേഷം ഒളിവിൽ കഴിയുകയായിരുന്നു.
മറയൂർ പൊലീസിന്റെ അന്വേഷണത്തിൽ ഇയാൾ മുണ്ടക്കയം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
മറയൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അനിൽ സെബാസ്റ്റ്യൻ, പ്രകാശ് നൈനാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.