തലസ്ഥാനത്ത് വെടിവയ്പ്പ് കേസിലെ പ്രതിയായ ഡോക്ടറുടെ ബലാത്സംഗ പരാതി കേസിൽ നിന്ന് തലയൂരാൻ. വെടിയേറ്റ യുവതിയുടെ ഭർത്താവിനെ പ്രതിയാക്കി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം. തന്റെ പേരോ ചിത്രങ്ങളോ മീഡിയയിൽ വരുത്താതിരിക്കാനും ലക്ഷ്യം. കാമുകനെത്തേടി ഡോക്ടർ മാലിയിൽ പോയെന്നും വെടിവയ്പ്പിന് കാരണം പ്രണയ നിരാശയിൽ നിന്നെന്നും പോലീസ്

പീഡനക്കേസിലെ പരാതിക്കാരിയായതിനാൽ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന യാതൊന്നും പ്രസിദ്ധീകരിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയില്ല

New Update
kerala police1

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷനിൽ ഉദ്യോഗസ്ഥയായ തിരുവനന്തപുരത്തെ വീട്ടമ്മയെ വെടിവച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടർ, വീട്ടമ്മയുടെ ഭർത്താവിനെതിരേ പീഡനക്കേസ് നൽകിയതിനു പിന്നിൽ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. വെടിവച്ച കേസ് ഒത്തുതീർപ്പാക്കുകയാണ് പ്രഥമ ലക്ഷ്യം. തന്റെ പേരോ ചിത്രങ്ങളോ മാദ്ധ്യമങ്ങളിൽ വരുന്നതിന് തടയിടുകയാണ് രണ്ടാമത്തേത്.

Advertisment

പീഡനക്കേസിലെ പരാതിക്കാരിയായതിനാൽ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന യാതൊന്നും പ്രസിദ്ധീകരിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയില്ല. അഭിഭാഷകന്റെ ബുദ്ധിപ്രകാരമാണ് ഡോക്ടർ ഇങ്ങനെയൊരു മുൻകരുതലെടുത്തതെന്നാണ് സൂചന.

ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ വീട്ടമ്മയുടെ ഭർത്താവ് സുജിത്തിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി വഞ്ചിയൂർ പോലീസ് കേസെടുത്തിരിക്കുകയാണ്. കൊല്ലത്തെ ആശുപത്രിയിൽ പ്രവർത്തിക്കവേ അവിടത്തെ ക്വാർട്ടേഴ്സിൽ വച്ച് 2021 ആഗസ്റ്റിൽ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് ഡോക്ടർ പോലീസിന് മൊഴി നൽകിയത്.  

ഇതിനു ശേഷം താനുമായുള്ള സൗഹൃദം പെട്ടെന്ന് അവസാനിപ്പിച്ചു. തനിക്ക് പരാതിയുണ്ടെന്നും കേസെടുക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിയൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ശാരീരിക ബന്ധത്തിന് താത്പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നതിന് മുൻപായതിനാൽ ഐ.പി.സി 376, 354 വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവം നടന്നത് കൊല്ലത്തായതിനാൽ എഫ്.ഐ.ആർ അവിടേക്ക് ട്രാൻസ്ഫ‌ർ ചെയ്യും.

വെടിയേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കാണാൻ പ്രതി ഒന്നരമാസം മുൻപ് മാലിദ്വീപിൽ പോയതായി പോലീസ് കണ്ടെത്തി. ഇരുവരും തമ്മിൽ 3 വർഷമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഒരു സ്വകാര്യ കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലിനേടിയാണ് മാലിദ്വീപിലേക്ക് പോയത്. ഇടയ്ക്ക് രണ്ടുവട്ടം അവധിക്ക് നാട്ടിലെത്തിയപ്പോൾ രണ്ടുവട്ടം പ്രതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാൽ പ്രതി മാലിദ്വീപിലെത്തി കണ്ടിട്ടും പഴയതുപോലെ അടുപ്പം തുടരാൻ അദ്ദേഹം തയ്യാറായില്ല. പലവട്ടം സന്ദേശങ്ങൾ അയച്ചിട്ടും പ്രതികരിച്ചില്ല. ഇതോടെയാണ് ഭാര്യയെ വെടിവയ്ക്കാൻ പ്രതി തീരുമാനിച്ചത്. തന്നെ പാടേ അവഗണിച്ചതിന് തിരിച്ചടി നൽകുകയായിരുന്നു ലക്ഷ്യം.

സുജിത്തിനോടുള്ള ദേഷ്യം തീർക്കാനാണ് ഭാര്യയെ വെടിവച്ചത്. തനിക്ക് നേരിട്ട വിഷമതകൾ സുജിത്തിനെയും അറിയിക്കണമായിരുന്നു. കൊല്ലാനാണ് ശ്രമിച്ചത്. ഇതിനായി തുരുതുരാ വെടിവച്ചു. കൈകൊണ്ട് മുഖംമറച്ചതിനാൽ കൈയിൽ പെല്ലറ്റ് തുളച്ചുകയറി- ഡോക്ടറുടെ മൊഴിയിൽ പറയുന്നു.  

കൊല്ലത്തെ മെഡിക്കൽ കോളേജിൽ പ്രതിയെ ഒന്നരമണിക്കൂർ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ആദ്യം ഒന്നും സമ്മതിക്കാൻ അവർ തയ്യാറായില്ല. വനിതാ പോലീസിനെ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് സി.ഐ വിരട്ടിയതോടെയാണ് ഒടുവിൽ കുറ്റസമ്മതത്തിന് ഡോക്ടർ തയ്യാറായത്. തനിക്ക് ആരുടെയും സഹായം കിട്ടിയിട്ടില്ലെന്നും തനിച്ചാണ് എല്ലാം ചെയ്തതെന്നും ഡോക്ടർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertisment