തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരിയില്‍ മദ്യത്തിന് 24 മണിക്കൂര്‍ നിയന്ത്രണം. മാര്‍ച്ച് 12ന് വൈകിട്ട് 6 മണിമുതല്‍ 13ന് 6 വരെ ഡ്രൈ ഡേ ആക്കി ഉത്തരവിറക്കി.
കൂടാതെ നഗരത്തില്‍ വ്യാപക പരിശോധന നടന്നു വരികയാണ്. സിറ്റി പൊലീസ്, റെയില്‍വേ പൊലീസ്, എക്‌സൈസ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടത്തുന്നത്.
ഈ സുരക്ഷാ പരിശോധനകള്‍ പൊങ്കാല കഴിയുന്നതുവരെ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പൊങ്കാല ഡ്യൂട്ടിക്ക് ഇത്തവണ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചു.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകള്‍, കെട്ടിട സമുച്ചയങ്ങള്‍, പാഴ്‌സല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തി.
ആറ്റുകാല്‍ പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് വളരെ സുരക്ഷിതമായി പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്. ആദ്യഘട്ടത്തില്‍ 120 പേരെയും പൊങ്കാല ഉത്സവത്തിന് ഏകദേശം 1000 വനിതാ പൊലീസുകാരെയും നിയോഗിക്കും. പൊങ്കാല ചരിത്രത്തില്‍ ആദ്യമായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കും.