തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഭക്തജനങ്ങളെ കൊണ്ട് ദേവീ ക്ഷേത്രവും പരിസരവും നിറഞ്ഞിരിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു. സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കി.
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് 0471 2778947 എന്ന നമ്പരില്‍ വിളിക്കാവുന്നതാണെന്നും അവര്‍ അറിയിച്ചു.