തൃശൂര്‍: നിരോധിത വല ഉപയോഗിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ട്രോളര്‍ ബോട്ട് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പൊലീസ് സംയുക്ത സംഘം പിടികൂടി പിഴ ചുമത്തി.
ജില്ലയിലെ വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും തീരക്കടലിലുമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറം സ്വദേശി മരിയാലയം വീട്ടില്‍ ശെല്‍വരാജ് എന്നയാളുടെ കരിഷ്മ 2 എന്ന ബോട്ട് പിടിച്ചെടുത്തത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗല്‍ സൈസ് ഇല്ലാത്ത നാലായിരം കിലോ കിളിമീനും ഉലുവാച്ചി മത്സ്യവും കണ്ടെടുത്ത് ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തില്‍ കടലില്‍ കൊണ്ടുപോയി ഒഴുക്കി കളഞ്ഞു. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്.
ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടല്‍ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമയുടെയും കോസ്റ്റല്‍ എസ് ഐ പി പി ബാബുവിന്റേയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് കിട്ടിയ 3,23,250 രൂപ അടക്കം 5,73,250 രൂപ പിഴ ഈടാക്കി.