ടെക്നോപാര്‍ക്കില്‍ ഓട്ടോമേറ്റഡ് മലിനജല സംസ്കരണ പ്ലാന്‍റ് സ്ഥാപിച്ചു

New Update
techno park automated
തിരുവനന്തപുരം: പരിസ്ഥിതിസൗഹൃദ രീതികളോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി നൂതന ഓട്ടോമേഷന്‍ സാങ്കേതികവിദ്യയിലുള്ള പുതിയ മലിനജല സംസ്കരണ പ്ലാന്‍റ്  (എസ്ടിപി) ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ചു. സ്മാര്‍ട്ട് 750 കെഎല്‍ഡി മെംബ്രന്‍ ബയോ-റിയാക്ടര്‍ (എംബിആര്‍) അധിഷ്ഠിത എസ്ടിപി ഫേസ്-3 കാമ്പസില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) കമ്മീഷന്‍ ചെയ്തു.
Advertisment

പരിസ്ഥിതി സൗഹൃദവും സുസ്ഥിര വികസന ലക്ഷ്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതുമായ ടെക്നോപാര്‍ക്കിന്‍റെ പ്രതിബദ്ധത ഈ സംരംഭം ശക്തിപ്പെടുത്തുന്നുവെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. സ്മാര്‍ട്ട് യൂട്ടിലിറ്റി ഇന്‍ഫ്രാസ്ട്രക്ചറും സുസ്ഥിര പരിസ്ഥിതി സംവിധാനവും ഉപയോഗപ്പെടുത്തി അണുവിമുക്തമാക്കല്‍ ഘട്ടങ്ങളിലൂടെ മലിനജലം പൂര്‍ണമായി ശുദ്ധീകരിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുതായി സ്ഥാപിച്ച എസ്ടിപിക്ക് പ്രതിദിനം 7.50 ലക്ഷം ലിറ്റര്‍ മലിനജലം സംസ്കരിക്കാന്‍ കഴിയും. സംസ്കരിച്ച ജലം വിപുലമായ പുനരുപയോഗ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകുമാകും. സുസ്ഥിരത, ഡിജിറ്റല്‍ പരിവര്‍ത്തനം, ജല ഉപയോഗത്തിന്‍റെ കാര്യക്ഷമത എന്നിവയിലെ ടെക്നോപാര്‍ക്കിന്‍റെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്ലാന്‍റ്.

ജൈവ സംസ്കരണവും നൂതന മെംബ്രന്‍ ഫില്‍ട്രേഷനും സംയോജിപ്പിക്കുന്ന എംബിആര്‍ സംവിധാനങ്ങളാണ് എസ്ടിപി ഉപയോഗിക്കുന്നത്. പുനരുപയോഗത്തിന് അനുയോജ്യമായ ഉയര്‍ന്ന ഗുണനിലവാരമുള്ള ജലമാണ് ഈ സാങ്കേതികവിദ്യയിലൂടെ ഉത്പാദിപ്പിക്കുന്നത്. പരമ്പരാഗത പ്ലാന്‍റുകളേക്കാള്‍ മികച്ച പ്രവര്‍ത്തന നിയന്ത്രണവും സ്ഥിരതയും ഇത് ഉറപ്പാക്കുന്നു.
 കാര്യക്ഷമവും വിശ്വസനീയവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ നിരീക്ഷണവും ഫീഡ്ബാക്ക് അധിഷ്ഠിത നിയന്ത്രണവും സംയോജിപ്പിക്കുന്ന പിഎല്‍സിസ്കാഡ പ്ലാറ്റ് ഫോം ഉപയോഗിച്ച് പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആണിത്. അള്‍ട്രാസോണിക് ലെവല്‍ സെന്‍സറുകള്‍ ടാങ്ക് പ്രവര്‍ത്തനങ്ങളും കെമിക്കല്‍ ഡോസിംഗ് സീക്വന്‍സുകളും കൈകാര്യം ചെയ്യുന്നു.

പുതിയ എസ്ടിപി പാര്‍ക്കിന്‍റെ അടിസ്ഥാന സൗകര്യങ്ങളിലെ ഗണ്യമായ നവീകരണത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ടെക്നോപാര്‍ക്ക് പ്രോജക്ട്സ് ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണ്‍ പറഞ്ഞു. കാര്യക്ഷമവും സുസ്ഥിരവുമായ മലിനജല മാനേജ്മെന്‍റ് ഉറപ്പാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും. എസ്ടിപിയിലെ ഐഒടിയുടെയും ഓട്ടോമേഷന്‍റെയും സംയോജനം മലിനജല സംസ്കരണം കാര്യക്ഷമവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Advertisment