/sathyam/media/media_files/2024/12/06/hgYG1axx7Xt66jeJufYl.jpeg)
കൊച്ചി: കാലാവധി നിക്ഷേപങ്ങള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്നു സംരക്ഷണം നല്‍കാനായി ആക്സിസ് ബാങ്ക് ഈ രംഗത്ത് ഇതാദ്യമായി ലോക് എഫ്ഡി സംവിധാനം അവതരിപ്പിച്ചു. ബാങ്കിന്‍റെ മൊബൈല്‍ ആപ്പായ ഓപ്പണ്‍, ബാങ്കിന്‍റെ ബ്രാഞ്ചുകള്‍ എന്നിവ വഴി ഈ പുതിയ സൗകര്യം ലഭിക്കും.
സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി കാലാവധിക്കു മുന്‍്പ് ക്ലോസ് ചെയ്യുന്നതിനെതിരെ ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതാണിത്. സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റല്‍ രീതികളിലൂടെ ക്ലോസ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ലോക് എഫ്ഡി ചെയ്യുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിക്കു മുന്‍പ് ക്ലോസ് ചെയ്യാന്‍ ബ്രാഞ്ച് സന്ദര്‍ശിക്കേണ്ടി വരും.
അനധികൃതമായി നിക്ഷേപങ്ങളില്‍ എന്തെങ്കിലും ചെയ്യുന്നതിന്‍റെ അപകട സാധ്യത കുറക്കാന്‍ ഇതു സഹായിക്കും. ഡിജിറ്റല്‍ സംവിധാനങ്ങളുമായി അത്ര പരിചിതരല്ലാത്ത ഉപഭോക്താക്കള്‍ക്കും ഡിജറ്റല്‍ തട്ടിപ്പുകള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള ഉപഭോക്താക്കള്‍ക്കും ഇത് ഗുണകരമായിരിക്കും.
സുരക്ഷിതവും സുഗമവുമായ ബാങ്കിങ് അനുഭവങ്ങള്‍ക്കായി ആക്സിസ് ബാങ്ക് തുടര്‍ച്ചയായ നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ്, ട്രാന്സ്ഫോര്മേഷന്, സ്ട്രാറ്റജിക് പ്ലാനിങ് വിഭാഗം ഗ്രൂപ്പ് എക്സിക്യൂട്ടീവ് സമീര്‍ ഷെട്ടി പറഞ്ഞു. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള തങ്ങളുടെ പ്രതികരണമാണ് ലോക് എഫ്ഡി സംവിധാനത്തിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒടിപിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കെതിരെയുള്ള നീക്കത്തിന്‍റെ ഭാഗമായി ഇന്‍ ആപ്പ് മൊബൈല്‍ ഒടിപിക്ക് അടുത്തിടെ ആക്സിസ് ബാങ്ക് തുടക്കം കുറിച്ചിരുന്നു.