ആക്സിസ് ബാങ്കിന് 6490 കോടി രൂപയുടെ അറ്റാദായം

New Update
axis bank

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലായ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 6490 കോടി രൂപ അറ്റാദായത്തോടെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചു.  ബാങ്കിന്‍റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചു ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ നാലു ശതമാനവും വളര്‍ച്ചയോടെ 14,287 കോടി രൂപ എന്ന നിലയിലെത്തി.

Advertisment

അറ്റ പലിശ മാര്‍ജിന്‍ മൂന്നാം ത്രൈമാസത്തില്‍ 3.64 ശതമാനമാണ്.  ത്രൈമാസ ശരാശരി ബാലന്‍സ് അടിസ്ഥാനത്തില്‍ ആകെ നിക്ഷേപം ത്രൈമാസാടിസ്ഥാനത്തില്‍ അഞ്ചു ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 2025 ഡിസംബര്‍ 31-ലെ കണക്കു പ്രകാരം ബാങ്ക് റിപോര്‍ട്ട് ചെയ്തിട്ടുള്ള ആകെ നിഷ്ക്രിയ ആസ്തികള്‍ 1.40 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.42 ശതമാനവും ആയി മെച്ചപ്പെട്ടിട്ടുണ്ട്.

2025 സെപ്റ്റംബര്‍ 30-ന് ഇവ യഥാക്രമം 1.46 ശതമാനവും 0.44 ശതമാനവും ആയിരുന്നു.  മൂന്നാം ത്രൈമാസത്തില്‍ ഫീസ് വരുമാനം 12 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 6,100 കോടി രൂപയിലെത്തി. റീട്ടെയില്‍ ഫീസ് 12 ശതമാനം വളര്‍ച്ച കൈവരിച്ച് ബാങ്കിന്‍റെ ആകെ ഫീസ് വരുമാനത്തിന്‍റെ 71 ശതമാനം എന്ന നിലയിലെത്തി.  ആകെ മൂലധന പര്യാപ്തതാ അനുപാതം 16.55 ശതമാനത്തിലാണ്.  സിഇടി 1 അനുപാതം ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു അടിസ്ഥാന പോയിന്‍റുകള്‍ വളര്‍ന്ന് 14.50 ശതമാനത്തിലുമാണ്.

ബാങ്കിന്‍റെ വെല്‍ത്ത് മാനേജുമെന്‍റ് ബിസിനസ് ഇന്ത്യയിലെ ഏറ്റവും വലിയവയില്‍ ഒന്നെന്ന നിലയില്‍ 6,87,738 കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നതെന്ന് 2025 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ എട്ടു ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനവും വളര്‍ച്ചയാണിതു സൂചിപ്പിക്കുന്നത്. ബാങ്കിന്‍റെ ആഭ്യന്തര സബ്സിഡിയറികള്‍ 1490 കോടി രൂപയുടെ അറ്റാദായവുമായി സുസ്ഥിര പ്രകടനമാണു കാഴ്ച വെച്ചത്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ ആറു ശതമാനം ഉയര്‍ച്ചയും സൂചിപ്പിക്കുന്നു.

ബാങ്കിന്‍റെ 3315 കേന്ദ്രങ്ങളിലായി ആകെ 6,110 ആഭ്യന്തര ശാഖകളും എക്സ്ടെന്‍ഷന്‍ കൗണ്ടറുകളും 281 ബിസിനസ് കറസ്പോണ്ടന്‍റ് ബാങ്കിങ് ഔട്ട്ലെറ്റുകളും ആണുള്ളതെന്ന് 2025 ഡിസംബര്‍ 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബര്‍ 31-ന് 3122 കേന്ദ്രങ്ങളിലായി 5706 ആഭ്യന്തര ശാഖകളും എക്സ്ടെന്‍ഷന്‍ കൗണ്ടറുകളും 202 ബിസിനസ് കറസ്പോണ്ടന്‍റ് ബാങ്കിങ് ഔട്ട്ലെറ്റുകളുമാണ് ഉണ്ടായിരുന്നത്.

അര്‍ത്ഥവത്തായ സേവനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയാണ് ഈ ത്രൈമാസത്തിലെ തങ്ങളുടെ നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് മാനേജിങ ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.  വായ്പകളുടെ ലഭ്യത ലളിതവല്‍ക്കരിക്കുക, ഡിജിറ്റല്‍ ബാങ്കിങിനു പുതിയ രൂപം നല്‍കുക, ഭാവിക്കു രൂപം നല്‍കുന്ന കഴിവുകളിലും ആശയങ്ങളിലും നിക്ഷേപിക്കുക എന്നിവയാണിലൂടെയാണിതു സാധ്യമായത്.  തങ്ങളുടെ സേവന സംവിധാനങ്ങള്‍ ആധുനീകവല്‍ക്കരിക്കുകയും തങളുടെ ടീമിനെ ശക്തമാക്കുകയും ഉപഭോക്താക്കളുടെ രീതികള്‍ മാറുന്നതിനും മുന്നേ തന്നെ സ്മാര്‍ട്ടും വിപ്ലവകരവുമായ സേവനങ്ങള്‍ ലഭ്യാക്കുകയും ചെയ്ത് മല്‍സരക്ഷമമായ തങ്ങളുടെ കഴിവുകള്‍ കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment