കോഴിക്കോട്ടെ ആയിഷ റഷയുടെ മരണം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍, കേസില്‍ നിര്‍ണ്ണായകമായത് ആയിഷ അയച്ച വാട്‌സാപ് സന്ദേശങ്ങൾ

New Update
ayisha

കോഴിക്കോട്: ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ 21 കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ആണ്‍സുഹൃത്ത് കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീന്‍ അറസ്റ്റിലായത്. 

Advertisment

ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു.തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് കാട്ടി മരിച്ച ആയിഷ റഷ അയച്ച വാട്‌സാപ് സന്ദേശങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്.

ആണ്‍ സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പൊലീസിന് കിട്ടിയത്. 

മൂന്നു വര്‍ഷത്തിലേറെയായി പരിചയമുള്ള ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി വാസ്ട്‌സാപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമായി. തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് സൂചിപ്പിക്കുന്ന സന്ദേശവും പൊലീസിന് ലഭിച്ചു. 

പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീന്റെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്കയക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ആയിഷയുടെ സുഹൃത്തുക്കളുടെയടക്കം മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. 

Advertisment